Breaking News

ഫോണ്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ശകാരിച്ച മജിസ്‌ട്രേറ്റിനെ സ്ഥാനത്തുനിന്നും നീക്കി



ഔദ്യോഗിക ആവശ്യത്തിന് ഫോണില്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥനാടോ അപമര്യാദയായി സംസാരിച്ചുവെന്ന ആരോപണം നേരിടുന്ന മജിസ്ട്രേറ്റിനെ സ്ഥാനത്ത് നിന്ന് മാറ്റി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ആയിരുന്ന ടിയാറ റോസ് മേരിയെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ മുന്‍സിഫ് – രണ്ട് ആയി മാറ്റി നിയമിച്ചത്.പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.

പാറശ്ശാല മുള്ളുവിള തോട്ടിന്‍പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ എം സുധീറിനെ കാണാതായ സംഭവത്തില്‍ ഫോണ്‍ചെയ്ത എ എസ് ഐയോട് രൂക്ഷമായാണ് മജിസ്ട്രേറ്റ് ടിയാറ റോസ് മേരി സംസാരിച്ചത് . കാണാതായ ആള്‍ തിരിച്ചുവന്നതുകൊണ്ടാണ് വിളിച്ചതെന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടും മജിസ്ട്രേറ്റ് ശകാരം തുടരുകയായിരുന്നു.


പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും നേരിട്ട് വിളിക്കരുതെന്നും ആവശ്യമുണ്ടെങ്കില്‍ കോടതിയിലെ ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ മുഖേനയോ, ബെഞ്ച് ക്ളാര്‍ക്ക് മുഖേനയോ മാത്രമേ ബന്ധപ്പെടാവൂ എന്ന നിര്‍ദേശവും മജിസ്ട്രേറ്റ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടിയാറ റോസ് മേരിയെ സ്ഥാനംമാറ്റി ഉത്തരവിറങ്ങിയത്.


No comments