Breaking News

ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി; മുഖ്യമന്ത്രി




തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനു പകരം ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിക്കുന്നതായി വര്‍ത്തകള്‍ ഉയരുന്നുണ്ട്. ലാഭം കൊയ്യാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിശദമായ പഠനത്തിനു ശേഷമാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ചെലവ് 500 രൂപയായി കുറച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ലാബുകളുടെ പരാതി ചര്‍ച്ച ചെയ്യാമെന്നും എന്നാല്‍ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഈ ഘട്ടത്തില്‍ എടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പരിശോധന നടത്താതിരിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്കുകള്‍ കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 1700 രൂപയില്‍ നിന്ന് 500 രൂപയയാണ് കുറച്ചത്.

'സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാല്‍ നടപടി ഉണ്ടാകും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ അമിത ലാഭം കൊയ്യാന്‍ ആരേയും അനുവദിക്കില്ല'കളക്ടര്‍ പറഞ്ഞു.

അതേസമയം ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് ചില സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തി വച്ചിരിക്കുകയാണെന്നും ഇത്തരം ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. അതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തേണ്ടതിന് പകരം, ആര്‍ ടി പി സി ആര്‍ ടെസ്റ്റ് തന്നെ ഒഴിവാക്കിയിരിക്കുകയാണ് ചില സ്വകാര്യ ലാബുകള്‍. കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ സാധിക്കില്ലെന്ന നിലപാട് അനുവദിക്കാന്‍ കഴിയില്ല.

No comments