Breaking News

ഭാര്യയുടെ ആത്മഹത്യ; മര്‍ദിച്ചിരുന്നതായി സമ്മതിച്ച് ഉണ്ണി രാജന്‍ പി ദേവ്; പ്രതി റിമാന്‍ഡില്‍




തിരുവനന്തപുരം | ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ നടന്‍ ഉണ്ണി രാജന്‍ പി ദേവിനെ നെടുമങ്ങാട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
സ്ത്രീധനം കുറഞ്ഞുപോയെന്നതിന്റെ പേരില്‍ ഭാര്യയെ പലതവണ മര്‍ദിച്ചിരുന്നതായും മാനസികമായി പീഡിപ്പിച്ചിരുന്നതായും പോലീസ് ചോദ്യം ചെയ്യലില്‍ ഉണ്ണി രാജന്‍ പി ദേവ് സമ്മതിച്ചു. ഏറ്റവുമവസാനം മെയ് പതിനൊന്നിന് പ്രിയങ്കയും തന്റെ മാതാവ് ശാന്തമ്മയുമായി വാക്ക് തര്‍ക്കമുണ്ടായി. താന്‍ ഇതില്‍ ഇടപെടുകയും പ്രിയങ്കയെ മര്‍ദിക്കുകയും ചെയ്തതായി പ്രതി പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പ്രിയങ്ക സഹോദരനൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയത്.

ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ വകുപ്പുകള്‍ തന്നെ ഉണ്ണിയുടെ മാതാവ് ശാന്തമ്മക്കെതിരെയും ചുമത്തിയിട്ടുണ്ട്. ശാന്തമ്മ കൊവിഡ് പോസിറ്റിവായതിനാല്‍ കറുകുറ്റിയിലെ വീട്ടില്‍ ചികിത്സയിലാണ്. വരുന്നാഴ്ച ഇവരുടെ ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.



No comments