Breaking News

കാസർകോട് 88 പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നു ലോക പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം മിഷൻ 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും


ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ  മന്ത്രിമാർ, എം.എൽ.എ. മാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷർ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഹരിതകർമ്മസേനാംഗങ്ങളും പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി. തിരുവനന്തപുരം 32, കൊല്ലം 75, പത്തനംതിട്ട 11, ആലപ്പുഴ 7, കോട്ടയം 30, ഇടുക്കി 7, എറണാകുളം 5, തൃശൂർ 30, പാലക്കാട് 88, മലപ്പുറം 20, കോഴിക്കോട് 20, വയനാട് 2, കണ്ണൂർ 30, കാസർകോട് 88 എന്നിങ്ങനെയാണ്  ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകൾ. 1400 ലധികം പച്ചത്തുരുത്തുകൾ നിലവിൽ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിൽ 2 വർഷം മുതൽ 6 മാസം വരെ കാലം പിന്നിട്ടവയുണ്ട്.  പരിപാലനത്തിന്റെ ഭാഗമായി പച്ചത്തുരുത്തുകളിൽ നശിച്ചുപോയ ചെടികളുടെ സ്ഥലത്ത് പുതിയവ നട്ടു പിടിപ്പിക്കുന്ന പരിപാടിയും ജൂൺ 5 ന് സംഘടിപ്പിച്ചിട്ടുണ്ട്.

വൃക്ഷവൽക്കരണ പരിപാടി എന്നതിലുപരി ജൈവ വൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിർവഹിച്ച് പരിപാലിക്കാനാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. അര സെന്റ് മുതൽ എത്ര ഭൂമിവരെയുമുള്ള സ്ഥലത്ത് പ്രാദേശിക ജൈവ വൈവിധ്യത്തിന് പ്രധാന്യം നൽകിയുള്ള സസ്യങ്ങൾ നട്ട് പച്ചത്തുരുത്തുകൾ സൃഷ്ടിക്കാം. പക്ഷികളും ശലഭങ്ങളും വിവിധയിനം കൂണുകളും വള്ളിച്ചെടികളുമായി ഇതിനകംതന്നെ പല പച്ചത്തുരുത്തുകളും ചെറു ജൈവ വൈവിധ്യം സൃഷ്ടിച്ചിട്ടുണ്ട്.


ഹരിത കർമ്മസേനയുടെ സ്വന്തം പച്ചത്തുരുത്തുകൾ; ജില്ലാതല ഉദ്ഘാനം അഞ്ചിന്

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ 'ഹരിത കർമ്മസേനയുടെ സ്വന്തം പച്ചത്തുരുത്തുകൾ' നിർമ്മിക്കുന്നു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഭരണസമിതിയുടെ സഹായത്തോടെയാണ് ഹരിത കർമ്മ സേന അംഗങ്ങൾ പച്ചത്തുരുത്ത് നിർമ്മിച്ച് അതിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കുക. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് മാവുങ്കാൽ എംസിഎഫ് പരിസരത്ത് പ്രശസ്ത സാഹിത്യകാരൻ പി.വി.കെ. പനയാൽ നിർവ്വഹിക്കും. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശോഭ ടി അധ്യക്ഷത വഹിക്കും. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ പദ്ധതി വിശദീകരിക്കും.


ജില്ലയിൽ 431 പച്ചത്തുരുത്തുകൾ വളരുന്നു

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കലിന്റെ മുഖ്യകണ്ണിയായാണ് ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നത്.  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലായി 431 പച്ചത്തുരുത്തുകളാണ് നിലവിൽ നിർമ്മിച്ചെടുത്തത്. 114.18 ഏക്കർ ആണ് ആകെ  വിസ്തീർണം. സാമൂഹ്യ വനവൽക്കരണ വകുപ്പിൽ നിന്നും ലഭിച്ച 36884 വൃക്ഷ തൈകളും പ്രാദേശികമായി കണ്ടെത്തിയ 5000 തൈകളുമുൾപ്പെടെ ആകെ 41884 വൃക്ഷത്തൈകളാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ജില്ലയിൽ  നട്ടു വളർത്തിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പു മുഖേനയാണ് പച്ചത്തുരുത്തുകൾ ഉണ്ടാക്കുന്നത്. കുഴി കുത്തൽ, വൃക്ഷത്തൈകൾ നടൽ, ജൈവവേലി കെട്ടൽ, സംരക്ഷണം എന്നിവയുടെയെല്ലാം ചുമതല തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ്. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, അമ്പലക്കമ്മിറ്റികൾ, പള്ളിക്കമ്മിറ്റികൾ , വായനശാലകൾ, സ്‌കൂൾ പി ടി എ / എസ് എസ് ജീ കൾ എന്നിവരുടെയെല്ലാം സഹായ സഹകരണങ്ങളും പച്ചത്തുരുത്ത് നിർമ്മാണത്തിൽ ലഭിക്കുന്നുണ്ട്.

 പച്ചത്തുരുത്തിലേക്കാവശ്യമായ വൃക്ഷത്തൈകൾ ഉണ്ടാക്കുന്നത് പ്രധാനമായും സാമൂഹിക വനവത്കരണ വകുപ്പാണ്. വൃക്ഷത്തൈകൾ ഉണ്ടാക്കുന്നതിന് കഴിഞ്ഞ ഏപ്രിൽ- മെയ് മാസങ്ങളിൽ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് 'കുഞ്ഞിളം കൈകളിൽ കുഞ്ഞിളം തൈകൾ' എന്ന പദ്ധതി നടപ്പിലാക്കി. പദ്ധതിയിൽ  ജില്ലയിലെ 8000 ത്തോളം കുട്ടികൾ രജിസ്റ്റർ ചെയ്യുകയും അവർ വീടുകളിൽ 40000 ത്തോളം ഫലവൃക്ഷത്തൈകൾ ഉണ്ടാക്കുകയും ചെയ്തത് വലിയൊരു നേട്ടമാണ്.

No comments