കാസർകോട് ജില്ലയിൽ ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കും വീടുകളിൽ ചെന്ന് കോവിഡ് വാക്‌സിനേഷൻ നൽകുന്നതിന് തുടക്കമായി
കാസറഗോഡ് നഗരസഭയിൽ ഒന്നാം വാർഡ് ചേരങ്കയ് കടപ്പുറത്ത് കിടപ്പു രോഗിയായ അബ്ദുൽ റഹിംന് കൊ വാക്സിന്റെ ആദ്യ ഡോസ് നൽകിയാണ് വീടുകളിൽ വാക്സിൻ ലഭ്യമാക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. കാസറഗോഡ് നഗരസഭാ ചെയർമാൻ അഡ്വ. വി എം. മുനീർ വാക്സിനേഷൻ മൊബൈൽ യൂണിറ്റിന്റെ ഉത്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ്, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിയാന ഹനീഫ്, വാർഡ് കൗൺസിലർ മുസ്താക് എന്നിവർ സംസാരിച്ചു. ഒരാഴ്ച കൊണ്ട് നഗരസഭയിലെ മുഴുവൻ കിടപ്പു രോഗികൾക്കും സവിശേഷ പരിഗണന അർഹിക്കുന്നവരും വാക്സിൻ സെന്റർ പോയി വാക്സിൻ എടുക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാർക്കും വീടുകളിൽ തന്നെ വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ അറിയിച്ചു.
നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാമൂഹ്യ നീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും അക്കര ഫൌണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വിവിധ കോളേജുകളിലെ നൂറിലധികം എൻ എസ് എസ് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയും ആരംഭിച്ച ഭിന്നശേഷി സഹായ കേന്ദ്രങ്ങൾ വഴി എല്ലാ ഭിന്നശേഷിക്കാരെയും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയുണ്ടായി. അതോടൊപ്പം സവിശേഷ പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരെ ജില്ലാ ഭരണകൂടത്തിന്റെ we deserve പദ്ധതിയിൽ നിന്നും കണ്ടെത്തി അവർക്ക് മുൻഗണന നൽകി രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കലക്ടറേറ്റിലും ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നു. ഇങ്ങനെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഭിന്നശേഷിക്കാരുടെ വിവരങ്ങൾ ക്രോഡീകരിച്ചു വാർഡ് തലത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കിയാണ് വീടുകളിൽ വാക്സിനേഷൻ ലഭ്യമാക്കുന്നത്.
കാസറഗോഡ് വാക്‌സിനേഷൻ മൊബൈൽ യൂണിറ്റിന് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ ആസിയ ഷഫീക് നേതൃത്വം നൽകുന്നു. ആരോഗ്യ വകുപ്പ് വേണ്ട നിർദേശങ്ങളും വാക്സിൻ അടക്കമുള്ളവയും ലഭ്യമാക്കുന്നുണ്ട്.വയോമിത്രം സ്റ്റാഫ് നഴ്സ് ഗീതു ശ്രീധർ, പാലിയേറ്റീവ് നഴ്സ് രമ കെ, സെക്കണ്ടറി പാലിയേറ്റിവ് നഴ്സ് സുസ്മിത, എൽ എച് ഐ ജലജ, ജെ പി എച് എൻ അനുശ്രീ എന്നിവർ മൊബൈൽ യൂണിറ്റിന്റെ ഭാഗമാണ്. ആശാ വർക്കർമാരായ നദീഷ, രജിത, അഞ്ജു, ചിത്ര സജിത് എന്നിവർ റൂട്ട് മാപ്പ് തയ്യാറാക്കുകയും ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും വാക്‌സിനേഷൻ ചെയ്യുന്നതിനായി വീടുകളിൽ സജ്ജരാക്കുകയും ചെയ്തു.
വരും ദിവസങ്ങളിൽ സാമൂഹ്യ നീതി വകുപ്പിൽ നിന്നും ലഭ്യമാകുന്ന ഭിന്നശേഷി വാക്‌സിനേഷൻ രെജിസ്ട്രേഷൻ പട്ടിക പ്രകാരം വയോമിത്രം കാഞ്ഞങ്ങാട് നീലേശ്വരം യൂണിറ്റുകൾ കൂടി മൊബൈൽ വാക്‌സിനേഷൻ ആരംഭിക്കുന്നതാണ് എന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കൊ ഓർഡിനേറ്റർ ജിഷോ ജെയിംസ് അറിയിച്ചു.
No comments