Breaking News

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങൾ ലോക്ക്ഡൗണിന് സമാനം


തിരുവനന്തപുരം: സ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് പ്രത്യേക ഇളവുകൾ. ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. പുസ്തകങ്ങളും ശ്രവണ സഹായികൾ വിൽക്കുന്ന കടകൾക്കും മൊബൈൽ ഷോപ്പുകളും തുറക്കാൻ അനുമതിയുണ്ട്. അറ്റകുറ്റ പണികൾക്കായി ഷോപ്പുകൾ തുറക്കാനും തടസ്സമില്ല.

രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണിവരെയാണ് ഇവയ്ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാം. വാഹന ഷോറൂമുകൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം.

ശനി, ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവർത്തനാനുമതി.പഴം, പച്ചക്കറികൾ, മത്സ്യ -മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിൽ നിന്നും നാളെയും മറ്റന്നാളും ഹോം ഡലിവറിയ്ക്ക് മാത്രമാകും അനുമതി. സാമൂഹിക അകലം കർശനമായി പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത് നേരത്തേ തന്നെ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ തീരുമാനിച്ചിരുന്നു. ജൂൺ 16 വരെയാണു ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു.

No comments