ഓപ്പറേഷൻ ലോക്ക്ഡൗൺ: എക്സൈസ് സംഘത്തെ ആക്രമിച്ച യുവാക്കൾ മയക്കുമരുന്നും കഞ്ചാവുമായി പിടിയിൽ
തിരുവനന്തപുരം: മയക്കുമരുന്നും കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ. ഓപ്പറേഷൻ ലോക്ക് ഡൗണിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ ആണ് തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും യുവാക്കളെ പിടി കൂടിയത്.
തിരുവനന്തപുരം കുണ്ടമൺഭാഗം ദേവീ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 50 (30 ഗ്രാം) നൈട്രോസെപാം ഗുളികകളും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഓട്ടോറിക്ഷയിലാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നത്. തിരുമല ശ്രീജിത്ത് ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്തിനേയും (31 വയസ്), തിരുമല സ്വദേശി ആദർശിനേയും (22 വയസ്) പ്രതികളാക്കി ഒരു എൻ ഡി പി എസ് കേസെടുത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആയ ശ്രീജിത്ത് ഉണ്ണി എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ, അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെയും തൊണ്ടിയും കേസ് റെക്കോർഡുകളും തുടർ നടപടികൾക്കായി തിരുവനന്തപുരം റേഞ്ച് ഓഫീസിനു കൈമാറി.
റെയ്ഡിൽ സർക്കിൾ ഇൻസ്‌പെക്ടർ സി കെ അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ അരവിന്ദ് ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ് കുമാർ, സുരേഷ് ബാബു, പ്രവീൺകുമാർ, ആരോമൽ രാജൻ, WCEO സജീന എന്നിവർ പങ്കെടുത്തു.
No comments