Breaking News

‘റവന്യു വകുപ്പ് മാത്രമായി മുള്‍മുനയിലാകില്ല’; മരംകൊള്ളയില്‍ സ്വന്തം വകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ രാജന്‍




തിരുവനന്തപുരം | മരംകൊളളയില്‍ സ്വന്തം വകുപ്പിനെ ന്യായീകരിച്ച് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. റവന്യൂവകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത് പൊതു ആവശ്യപ്രകാരമാണ്. ദുരുപയോഗം ഉത്തരവിന്റെ കുഴപ്പമല്ല. ഉത്തരവിന്റെ പേരില്‍ റവന്യൂ വകുപ്പ് മാത്രമായി മുള്‍മുനയിലാകില്ലെന്നും അതേ സമയം വകുപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്നും മന്ത്രി ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.


മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉള്ളത്. റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറങ്ങിയത്.

മന്ത്രിമാരോ വകുപ്പുകളോ തമ്മിലുള്ള തര്‍ക്കമായിട്ട് ഇതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല. ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ അത് പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു



No comments