Breaking News

സജിതയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ; പത്തുവര്‍ഷം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ


പാലക്കാട്: അയിലൂരിൽ കാമുകിയെ പത്തു വർഷം ഒരു മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കൾ. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്‍റെ അഴികൾ മുറിച്ചുമാറ്റിയത്. മകന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവർ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ തങ്ങൾ അറിയുമായിരുന്നെന്നു. പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. മൂന്നു വര്‍ഷം മുമ്പ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോ മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്‍റെ മാതാപിതാക്കള്‍ പറയുന്നു.

അതേസമയം സജിത മതം മാറിയെന്ന പ്രചരണം തള്ളി റഹ്മാൻ. മതം മാറിയെന്ന പ്രചരണം തെറ്റാണെന്നും സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്നും റഹ്മാൻ വ്യക്തമാക്കി. നെന്മാറ അയിലൂരിലാണ് കാമുകിയായ സജിതയെ റഹ്മാൻ ആരും അറിയാതെ പത്തുവർഷത്തിലധികം മുറിക്കുള്ളിൽ താമസിപ്പിച്ചത്.

ഇതിനിടെ മരിച്ചെന്നു കരുതിയ മകളെ കാണാൻ മാതാപിതാക്കളും ഇന്ന് സജിതയും റഹ്മാനും താമസിക്കുന്ന വീട്ടിലെത്തി. മകള്‍ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതെ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്. മൂന്നുമാസം മുന്‍പാണ് സജിതയും റഹ്‌മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

No comments