വിദ്യാഭ്യാസ രംഗത്ത് നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ; സ്വന്തമായി ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കും
സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍. ഓണ്‍ലൈന്‍ പഠനത്തിനായി സംസ്ഥാനം സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തീരുമാനമായി. കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കാനായി ഈ മാസം 25നകം ചീഫ് മിനിസ്റ്റര്‍ എജ്യുക്കേഷണല്‍ എംപവര്‍മെന്റ് ഫണ്ട് നിലവില്‍ വരും. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയും രൂപീകരിക്കും. പ്രതിപക്ഷ നേതാവ് ഈ സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. ഇതോടൊപ്പം ജില്ലാ-സംസ്ഥാനതലങ്ങളില്‍ കര്‍മസമിതികളുമുണ്ടാകും.
ഡിജിറ്റല്‍ പഠനത്തിനുള്ള പ്രവര്‍ത്തന രൂപരേഖ അംഗീകരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തീരുമാനിച്ച വിവരം വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 15ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചുവെന്ന് സംസ്ഥാനതല പ്രഖ്യാപനം നടത്താനാണ് തീരുമാനം. 2022 ജനുവരി 31നു മുന്‍പായി പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ് ലക്ഷ്യം. സെപ്തംബറില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോം വഴിയാകും പഠനം നടത്തുക. ഫെബ്രുവരിയോടെ സ്വന്തം പ്ലാറ്റ്‌ഫോമിലേക്ക് മാറും. ഈ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂളിലെ അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ക്ലാസെടുക്കും.
എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കുകയും ഇവയുടെ ദുരുപയോഗം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്യും.ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ ക്യാംപെയിന്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
No comments