Breaking News

'ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ?' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി


തിരുവനന്തപുരം: വ്യാപാരികളോടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം നിറഞ്ഞ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ എന്നും സതീശൻ ചോദിക്കുന്നു. ''മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.''- സതീശൻ കുറിച്ചു.


കടകള്‍ തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പിണറായി വിജയൻ ഇന്ന് മറുപടി നൽകിയത്. നിലവിലെ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ വികാരം മനസ്സിലാകും. ആളുകളുടെ ജീവന്‍ അപകടത്തിലാക്കാനാകില്ല. മറ്റൊരു രീതിയില്‍ തുടങ്ങിയാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അശാസ്ത്രീയമായി കടകള്‍ അടയ്ക്കാനുള്ള തീരുമാനം അവഗണിച്ചുകൊണ്ട് വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കടകള്‍ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവർ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.



No comments