Breaking News

സാമ്പത്തിക ബാധ്യത; കോട്ടയത്ത് ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി ഇരുവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്


കോട്ടയത്ത് ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. 32 വയസായിരുന്നു. ഇരുവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. രണ്ടു പേരുടെയും മൃതദേഹം രണ്ട് മുറികളിലായാണ് കാണപ്പെട്ടത്. കോട്ടയം ഈസ്റ്റ് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

മാതാവും ഇരട്ട സഹോദരങ്ങളും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് എന്ന് കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു. ഇരുവരുടെയും മരണം ആത്മഹത്യയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കോട്ടയം ഈസ്റ്റ് പോലീസ് വിലയിരുത്തുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ കാരണം എന്തെന്ന് കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.

ഇരുവർക്കും ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. വർക്ക്ക്ഷോപ്പിൽ ജോലി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. ഇതിനുപുറമേ ക്രെയിൻ സർവീസ് ജോലിയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്ന ജോലികൾ ഇരുവരും ചെയ്തിരുന്നു. ഇതിനുപുറമേ വാഹന കച്ചവട ഇടപാടുകൾ ഇരട്ട സഹോദരന്മാർ നടത്തിയിരുന്നതായി കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നു.

ബാങ്ക് ലോണുകളും ഏറെ ബാധ്യത സൃഷ്ടിച്ചിരുന്നതായി പോലീസ് പറയുന്നുണ്ട്. ഒരു സഹകരണ ബാങ്കിൽ നിന്നും എടുത്ത ലോൺ അടക്കാനാകാതെ ജപ്തി ഭീഷണി വന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് എല്ലാം പരിശോധിച്ച ശേഷമാകും പോലീസ് തുടർനടപടി സ്വീകരിക്കുക.

കോവിഡ് കാലമായതിനാൽ കോവിഡ് പരിശോധനാ ഫലം കൂടി നടത്തിയ ശേഷമായിരിക്കും ഇൻക്വസ്റ്റ് നടത്തുക എന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷൻഹൗസ് ഓഫീസർ ന്യൂസ് 18 നോട് പറഞ്ഞു. ഇന്ന് രാവിലെ തന്നെ ടെസ്റ്റ് എടുത്ത് തുടർനടപടി സ്വീകരിക്കാനാണ് ആലോചന. അതിനു ശേഷമാകും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാക്കുക.

കോവിഡ് കാലമായതിനാൽ കൂലിപ്പണിക്ക് പോലും പോകാനാവാത്ത സാഹചര്യം ഇവർക്കുണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നയിച്ചതിന് ഇതൊരു പ്രധാന കാരണമായതായും പോലീസ് പറയുന്നു.

No comments