Breaking News

ശ്രീജേഷ് വൈകീട്ട് കൊച്ചിയിൽ എത്തും; ഒളിമ്പിക് മെഡൽ ജേതാവിനെ കാത്തിരിക്കുന്നത് വമ്പൻ സ്വീകരണം


ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പിആര്‍ ശ്രീജേഷ് ഇന്ന് കേരളത്തിലെത്തും. ഒളിമ്പിക്സ് മെഡൽ നേടി ചരിത്രനേട്ടം കുറിച്ച ശ്രീജേഷിനെ വരവേൽക്കാൻ വമ്പൻ സ്വീകരണമൊരുക്കിയാണ് കേരളക്കര കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശ്രീജേഷ് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. സംസ്ഥാന സർക്കാർ ശ്രീജേഷിന് ഔദ്യോഗിക സ്വീകരണം നൽകും. സർക്കാരിന്റെ സ്വീകരണത്തിൽ സംസ്ഥാനത്തെ കായിക മന്ത്രിയായ വി അബ്ദുറഹ്മാൻ നേരിട്ടെത്തും.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം. ശ്രീജേഷിന്റെ സ്വദേശമായ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തും വലിയ സ്വീകരണ പരിപാടികളാണ് ഒരുങ്ങുന്നത്.


ഇന്നലെ ഇന്ത്യയിൽ തിരിച്ചെത്തിയ ഇന്ത്യൻ സംഘത്തിന് ഡൽഹിയിൽ കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേർന്ന് ഗംഭീര സ്വീകരണമാണ് നൽകിയത്. വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ സംഘത്തെ കാണാൻ ആയിരക്കണക്കിന് ആരാധകരും എത്തിയിരുന്നു. ഇവരുടെ ഇടയിൽ നിന്നും വളരെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ത്യൻ താരങ്ങളെ വിമാനത്താവളത്തിന് പുറത്തേക്ക് എത്തിച്ചത്.

വിമാനത്താവളത്തിലെ ആവേശോജ്ജ്വല സ്വീകരണത്തിന് നന്ദി പറഞ്ഞ താരങ്ങൾ പോയത് ചാണക്യപുരിയിലെ അശോക ഹോട്ടലിലേക്ക് ആയിരുന്നു. അവിടെ സായ് അധികൃതർ ഇന്ത്യയുടെ ഒളിമ്പിക് താരങ്ങൾക്കായി സ്വീകരണം ഒരുക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കുർ, കിരൺ റിജ്ജു എന്നിവർ താരങ്ങളെ അനുമോദിക്കുന്നു ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

No comments