Breaking News

പാലക്കാട് കടന്നൽ കുത്തേറ്റ് അഞ്ചു വയസ്സുകാരൻ മരിച്ചു



പാലക്കാട് കല്ലടിക്കോടിന് സമീപം കടന്നൽ കുത്തേറ്റ് അഞ്ചു വയസുകാരൻ മരിച്ചു. കല്ലടിക്കോടിന് സമീപം കോണിക്കഴി സ്വദേശി കണ്ണൻ - ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് ആണ് മരിച്ചത്.

സത്രംകാവിൽക്കുന്ന് എ യു പി സ്ക്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച്ചയാണ് സജിത്തിനും അച്ഛൻ കണ്ണനും കടന്നൽ കുത്തേറ്റത്. അച്ഛൻ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കാൻ പോയതായിരുന്നു.

വിറക് വെട്ടുന്നതിനിടെ മരത്തിലുണ്ടായിരുന്ന കടന്നൽകൂട് ഇളകി. ഇതു കണ്ട് രണ്ടു പേരും ഓടിയെങ്കിലും വലിയ തോതിൽ കടന്നൽ കുത്തേറ്റു. സജിത്തിന്റെ ശരീരം മുഴുവനും കുത്തേറ്റിരുന്നു.

തുടർന്ന് കല്ലടിക്കോട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. എന്നാൽ തിങ്കളാഴ്ച്ച കുട്ടിയുടെ ശരീരം മുഴുവനും നിറം മാറി. ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ അച്ഛൻ കണ്ണനും കടന്നൽ കുത്തേറ്റ് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കോങ്ങാട് പോലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തു.

No comments