Breaking News

വിദ്യാവാഹിനി വാഹന ഉടമകളുടെ കുടിശ്ശിക: ഇടപെട്ട് മന്ത്രി തുളസി ടീച്ചർ കുടിശ്ശിക തുക ഉടൻ അനുവദിക്കും


രാജപുരം : ജില്ലയിലെ വിദ്യാവാഹിനി പദ്ധതിയിൽ പട്ടികവർഗ്ഗ  വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന വാഹന ഉടമകൾക്ക് ലഭിക്കാനുള്ള കുടിശ്ശിക തുക അടിയന്തരമായി അനുവദിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി തുളസി ടീച്ചർ അറിയിച്ചു.

വിദ്യാവാഹിനി പദ്ധതി ആരംഭിച്ചത് മുതൽ മലയോര മേഖലകളായ പനത്തടി ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള പരപ്പ ട്രൈബൽ ഡിവിഷൻ പരിധിയിൽ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന സേവനം ഈ വാഹന ഉടമകളാണ് ചെയ്തുവരുന്നത്. എന്നാൽ, മുൻ സർക്കാരിന്റെ കാലത്തെ 2025–2026 സാമ്പത്തിക വർഷത്തിലെ മാർച്ച്, ഏപ്രിൽ മാസങ്ങളിലെയും നടപ്പ് അധ്യയന വർഷത്തിലെ (2026–2027) ജൂൺ, ജൂലൈ മാസങ്ങളിലെയും തുക തടസ്സപ്പെട്ടു കിടക്കുകയായിരുന്നു.

ഇന്ധനം അടിക്കാൻ പോലും പണമില്ലാതെ ഡ്രൈവർമാരും വാഹന ഉടമകളും വലിയ പ്രതിസന്ധിയിലാവുകയും വരുന്ന ഓണക്കാലത്തെ ജീവിതം കൂടുതൽ പ്രയാസത്തിലാവുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി അടിയന്തര നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുടങ്ങിയ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക പൂർണ്ണമായും കാസർഗോഡ് ജില്ലയ്ക്കായി അയച്ചിട്ടുണ്ടെന്നും വരുന്ന ആഴ്ചയിൽ തന്നെ ഇത് വാഹന ഉടമകൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ നിർദ്ദേശത്തോടെ നോയൽ ജോസഫാണ് മന്ത്രിയെ നേരിട്ടു കണ്ട് വിഷയം ശ്രദ്ധയിൽ പെടുത്തിയത്.


No comments