Breaking News

കോവിഡ്-19: ജില്ലയിലെ വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും; വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കും


ജില്ലയിലെ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കോവിഡ് പോസീറ്റിവ് രോഗികളുടെ വിപുലമായ സമ്പർക്കപട്ടിക തയ്യാറാക്കാനും ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശം.

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും  ഓൺലൈൻ യോഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. എ.വി. രാമദാസാണ് കോവിഡ് പ്രതിരോധത്തിനുള്ള നിർദേശങ്ങൾ അവതരിപ്പിച്ചത്.

കോവിഡ് പോസിറ്റീവായി വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ താൽപര്യപ്പെടുന്നവർ മതിയായ സൗകര്യങ്ങളുണ്ടെങ്കിലേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ. പ്രത്യേക ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങൾ ഇല്ലെങ്കിൽ

നിർബന്ധമായും ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറാൻ തയ്യാറാകണം. നിലവിൽ എല്ലാ പഞ്ചായത്തുകളിലും ഡോമിസിലറി കെയർ സെന്ററുകൾ സജ്ജമാണ്. വീടുകളിൽ നിന്ന് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. രോഗ ലക്ഷണങ്ങളില്ലാത്തവരെയും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെയുമാണ് ഡോമിസിലറി കെയർ സെന്ററിലേക്ക് മാറ്റുക. സാരമായ ആരോഗ്യ പ്രശ്‌നമുള്ള കോ വിഡ് ബാധിതരെ നിർബന്ധമായും സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റണമെന്നും  നിർദേശിച്ചു.

കോവിഡ് പോസിറ്റീവ് ആകുന്നതിന് രണ്ട് ദിവസം മുമ്പും തുടർന്നുള്ള മൂന്ന് ദിവസവും നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കും. ഇതിന്റെ വിവര ശേഖരണത്തിനൊപ്പം കൃത്യമായി വാർഡ്തല ജാഗ്രതാ സമിതികളുടെ നിരീക്ഷണവും ഏർപ്പെടുത്തും. കണ്ടെയിൻമെന്റ് സോൺ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണം. പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് പൾസ് ഓക്സി മീറ്ററുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാൽ ഫലം വരും വരെ സമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശിച്ചു.

വാർഡ് തല ജാഗ്രതാ സമിതി സൗകര്യങ്ങൾ സംബന്ധിച്ച പരിശോധനകൾ നടത്തി ക്വാറന്റീൻ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

കർണാടകയിലേക്ക് പോകാൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഫലം ലഭ്യമാകുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് അതിർത്തി മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. ആർടിപിസിആർ ഫലം വരാൻ നിലവിൽ  അഞ്ച് ദിവസം വരെ വേണ്ടിവരുന്നുണ്ട്. വേഗത്തിൽ ഫലം ലഭ്യമാകുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേന്ദ്ര സർവ്വകലാശാല ലാബും സ്പൈസ് ഹെൽത്തുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം ഉറപ്പു നൽകി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ  ജയ്സൺ മാത്യു എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


വീടുകളിലെ രോഗവ്യാപനം കുറയ്ക്കാൻ അജാനൂരിൽ

രോഗികളെ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റുന്നു


വീടുകളിൽ നിന്നുള്ള രോഗവ്യാപനം കുറയ്ക്കാൻ രോഗികളെ ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറ്റാൻ അജാനൂർ പഞ്ചായത്ത്. വീടുകളിൽ കൃത്യമായി റൂം ക്വാറന്റൈൻ പാലിക്കാൻ സൗകര്യമില്ലാത്ത കോവിഡ് രോഗികളെയാണ് വെള്ളിക്കോത്തെ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റുന്നത്. നിലവിൽ ഇരുപതിലധികം പേർ ഇവിടെയുണ്ട്. ആവശ്യമെങ്കിൽ രോഗവ്യാപനം കൂടുന്ന വാർഡുകൾ കേന്ദ്രീകരിച്ചും ഡൊമിസിലറി കെയർ സെന്ററുകൾ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ പറഞ്ഞു. പഞ്ചായത്തിലെ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും രണ്ടാം ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. 40 നും 44 നും ഇടയിലുള്ളവരുടെ രണ്ടാം ഡോസ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ആഴ്ചകളിൽ തുടർച്ചയായി ഡി കാറ്റഗറിയിലാണ് അജാനൂർ പഞ്ചായത്ത്. പഞ്ചായത്തിലെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പരിശേധന നിരക്ക് കൂട്ടി. തൊഴിലുറപ്പ് തൊഴിലാളികൾ, ഡ്രൈവർമാർ, വ്യാപാരികൾ, ഉദ്യോഗസ്ഥർ,അന്യസംസ്ഥാന തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. വാർഡ് തല പരിശേധന ക്യാമ്പുകളെയു വാക്‌സിനേഷൻ ക്യാമ്പുകളെയും സബന്ധിച്ച വിവരങ്ങൾ അനൗൺസ്‌മെന്റുകളായും വാട്‌സ്ആപ്പ് സന്ദേശമായും കൃത്യമായി ജനങ്ങളെ അറിയിക്കുന്നുണ്ട്.

രണ്ട് വാർഡുകൾക്ക് ഒരു കേന്ദ്രമെന്ന നിലയിൽ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തുന്നു. പഞ്ചാത്ത് ഭരണസമിതിയുടെയും ആനന്ദാശ്രമം ആശുപത്രിയുടെയും അജാനൂർ ആശുപത്രിയുടെയും നേതൃത്വത്തിലാണ് പരിശോധനയും വാക്‌സിനേഷനും പുരോഗമിക്കുന്നത്. കൂടാതെ വാർഡ് തല ജാഗ്രത സമിതിയും കർമ്മ നിരതരാണ്. കോവിഡ് ബാധിച്ച് ഒറ്റപ്പെട്ട് കഴിഞ്ഞ കുടുംബങ്ങളെ സഹായിക്കാൻ സന്നദ്ധ പ്രവർകരുടെ സഹായത്തോടെ കിറ്റുകളെത്തിച്ചു. കൂടാതെ കോവിഡ് ബാധിച്ചവരെയും ലോക്ഡൗണിൽ ഒറ്റപ്പെട്ടവരെയും സഹായിക്കാൻ സദാ സന്നദ്ധമായ ഹെൽപ് ഡെസ്‌കും അജാനൂർ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

No comments