Breaking News

'ഇവിടം നായകൾക്ക് സ്വർഗമാണ്' പനത്തടി കോളിച്ചാലിലെ കമ്മാടത്തുവും കാർത്ത്യായനിയും പരിപാലിക്കുന്നത് 18 നായകളെ


രാജപുരം: പനത്തടി കോളിച്ചാൽ കോഴിചിറ്റയിലെ കമ്മാടത്തുവും മകൾ കാർത്ത്യായനിയും താമസിക്കുന്ന വീട്ടിൽ ഒന്നും രണ്ടുമല്ല 18 നായകളെയാണ് പൊന്നുപോലേ വളർത്തുന്നത്. നായവളർത്തൽ ഹോബിയായിട്ടല്ല,​ തീർത്തും സഹജീവി സ്നേഹം ഒന്നുമാത്രമാണ് ഇവരുടെ പ്രവൃത്തിക്ക് പിന്നിൽ.


മാസത്തിൽ വീട്ടിലേക്ക് ആറ് കിലോ അരി റേഷൻ കിട്ടും. ഇതിൽ നായ്ക്കൾക്ക് ഒരു ദിവസം രണ്ട് കിലോ അരി വേണ്ടിവരും. കാർത്ത്യായനിക്ക് കിട്ടുന്ന വിധവാപെൻഷൻ ഉപയോഗിച്ചാണ് ബാക്കിയുള്ള ദിവസം മുന്നോട്ടുകൊണ്ടുപോകുന്നത് . കമ്മാടത്തുവിന്റെ പേരിൽ രണ്ടേക്കർ സ്ഥല മുള്ളതിനാൽ കാർഡ് എ. പി. എൽ വിഭാഗത്തിലാണ്. അമ്മയും മകളും ഈ നായകളുടെ സുരക്ഷിതത്വത്തിലാണ് ജീവിക്കുന്നത്.


നായകളുമൊത്തുള്ള ഇവരുടെ ചങ്ങാത്തം ഒന്നര പതിറ്റാണ്ട് മുമ്പാണ് തുടങ്ങിയത്. നേരത്തെ 25 നായകളുണ്ടായിരുന്നു. റോഡരികിലും ടൗണുകളിലും അനാഥമായി കഴിയുന്ന നായകുട്ടികളെ കൊണ്ടുവന്ന് വളർത്തുന്നതാണ് ഇവരുടെ രീതി. വീട്ടിൽ വളർത്തുന്ന നായകളാട് അമ്മയും മകളും കാണിക്കുന്ന സ്‌നേഹം കണ്ട് പട്ടി പിടുത്തക്കാർ മനസലിഞ്ഞ് ശ്രമം ഉപേക്ഷിച്ച് തിരിച്ചു പോയ അനുഭവവും ഇവർക്ക് പറയാനുണ്ട്.


കമ്മാടത്തുവും കാർത്ത്യായനിയും മത്സ്യവും മാംസവും കഴിക്കാത്തതിനാൽ നായകളും തികഞ്ഞ സസ്യാഹാരികളാണ്. പകൽ കൂടുകളിൽ കഴിയുന്ന നായകളെ സന്ധ്യ കഴിഞ്ഞാൽ തുറന്നു വിടും. ഈ നായ്ക്കളുടെ കാവലിൽ രാത്രി വാതിലുകൾ തുറന്നിട്ട് വേണമെങ്കിലും കിടക്കാനുള്ള ധൈര്യമുണ്ടെന്ന് അമ്മയും മകളും പറയുന്നു. ആരെങ്കിലും പോറ്റാൻ ആവശ്യപ്പെട്ടാൽ സൗജന്യമായി നായകളെ ഇവർ കൊടുക്കാറുണ്ട്.


വിദേശജനുസിൽപെട്ട നായ്ക്കളും കൂട്ടത്തിലുണ്ട്. കമ്മാടത്തുവും കാർത്ത്യായനിയും ഭക്ഷണം കഴിച്ചില്ലെങ്കിലും നായ്ക്കൾക്ക് കൃത്യ സമയത്ത് ഭക്ഷണം കൊടുക്കും. ഉപജീവനത്തിനായി പഞ്ചായത്ത് നൽകിയ മുട്ടക്കോഴികളിൽ നിന്നുള്ള വരുമാനവും നായകളെ പോറ്റാനാണ് ഇവർ ചിലവിടുന്നത്.കമ്മാടത്തുവിന്റെ പൈക്കളുടെ സംരക്ഷണവും ഈ നായക്കൂട്ടങ്ങളുടെ ജോലിയാണ്.

No comments