Breaking News

പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാൻറ് ഉദ്ഘാടനം നാളെ


കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയാക്കിയ ഓക്സിജൻ പ്ലാന്റ്‌ 24-ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.


ഇതോടൊപ്പം അതിഥിത്തൊഴിലാളികൾക്കുള്ള വാർഡ്, ഐ.സി.യു. എന്നിവയുടെ ഉദ്ഘാടനവും നടക്കും. മന്ത്രി എം.വി.ഗോവിന്ദൻ മുഖ്യാതിഥിയാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.വിജിൻ എം.എൽ.എ. എന്നിവർ പങ്കെടുക്കും. 30 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രി വികസനസമിതിയാണ് ഓക്സിജൻ പ്ലാന്റിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കിയത്. ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.) ഈ പണം വികസനസമിതിക്ക് തിരികെ നൽകും.


ഇതുകൂടാതെ 75 ലക്ഷം രൂപ ചെലവിൽ പി.എം. കെയർഫണ്ട് ഉപയോഗിച്ച് അതിഥിത്തൊഴിലാളികൾക്കുവേണ്ടി നിർമിച്ച അതിഥിദേവോ ഭവഃ എന്ന പേരിലുള്ള, ഏഴ് കിടക്കകളും അഞ്ച് വെന്റിലേറ്ററുകളുമടങ്ങുന്ന ഐ.സി.യു, 10 കിടക്കകളുള്ള പ്രത്യേക വാർഡ് എന്നിവയുടെ ഉദ്ഘാടനവും നടക്കും. ഏഴാം നിലയിൽ 702-ാം വാർഡിൽ ഐ.സി.യു.വും വാർഡും പ്രവർത്തിക്കും. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ മെഡിക്കൽ കോളേജിൽ അതിഥിത്തൊഴിലാളികൾക്ക് ഇത്തരം സൗകര്യം ഒരുക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


No comments