Breaking News

വെള്ളരിക്കുണ്ട് വ്യാപാരികളുടെ പട്ടിണിസമരത്തിനൊടുവിൽ വിജയം വെള്ളരിക്കുണ്ട് ടൗണിനെ മൈക്രോ കണ്ടെയ്‌മെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാകളക്ടറുടെ ഉത്തരവ്


വെള്ളരിക്കുണ്ട് : വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് നേതൃത്വത്തിൽ രാവിലെ തുടങ്ങിയ പട്ടിണിസമരം യോഗനടപടി അവസാനിക്കും മുമ്പേ വിജയം കണ്ടു. ബളാൽ പഞ്ചായത്ത് 14, 15 വാർഡുകളെ മൈക്രോ കണ്ടെയ്‌മെൻ്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി കളക്ടറുടെ ഉത്തരവ് വന്ന വിവരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വ്യാപാരി നേതാക്കളെ അറിയിച്ചതിനെ തുടർന്ന് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് വെള്ളരിക്കുണ്ടിലെ മുഴുവൻ വ്യാപാരസ്ഥാപങ്ങളും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി.


നിലവിൽ കോവിഡ് രോഗ വ്യാപനം മൂലം കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെട്ട വാർഡിലെ വെള്ളരിക്കുണ്ട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.എന്നാൽ ടൗണിൽ നിന്നും ഒരുപാടുദൂരം മാറിയാണ് കോവിഡ് രോഗ വ്യാപനം ഉണ്ടായത്. ഇതിനെതിരെ വെള്ളരിക്കുണ്ടിലെ വ്യാപാരികളും ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയവും ജില്ലാ കളക്ട്ടറെ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ തീരു മാനിച്ചത്.

കോവിഡ് രോഗ വ്യാപനം ഉണ്ടായപ്രദേശം മാത്രം അടച്ചിടുവാനും മറ്റുള്ള സ്ഥലങ്ങളിൽ സാധാരണ നിലയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തി ക്കാനുമാണ് അനുമതി. വെള്ളരിക്കുണ്ടിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ മുതൽ വ്യാപാരികൾ ഉപവാസ സമരം ആരംഭിച്ചിരുന്നു.

ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷരീഫ് സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജില്ലാ പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെമ്പർ കെ.ആർ ബിനു, ഗ്രാമ പഞ്ചായത്തംഗം അബ്ദുൾ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി, ജില്ലാ സെക്രട്ടറി മുരളീധരൻ, ഭീമനടി യുണിറ്റ് പ്രസിഡണ്ട് തോമസ് കാനാട്ട്, യൂണിറ്റ് ജനറൽ സെക്രട്ടറി തോമസ് ചെറിയാൻ, കേശവൻ നമ്പീശൻ തുടങ്ങിയവർ സംസാരിച്ചു.

യോഗനടപടി അവസാനിക്കും മുമ്പ് വ്യാപാരികളുടെ സമരം വിജയം കണ്ടതിനെ തുടർന്ന് ഉപവാസ സമരം അവസാനിപ്പിച്ച് കടകൾ തുറന്ന് പ്രവർത്തിച്ചു.

No comments