Breaking News

കന്നുകാലികള്‍ വീട്ടുപറമ്പില്‍ കടക്കുന്നതിനെ ചൊല്ലി തര്‍ക്കം; ആദിവാസി ദമ്പതികള്‍ക്ക് നേരെ അയല്‍വാസി വെടിയുതിര്‍ത്തു




അട്ടപ്പാടി | അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍. ഈശ്വര സ്വാമി കൗണ്ടര്‍ എന്നയാളാണ് അറസ്റ്റിലായത്. വെടിവക്കാന്‍ ഉപയോഗിച്ച തോക്കും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും കേസ് എടുത്തതായി അഗളി സിഐ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഈശ്വരന്റെ പറമ്പിലേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നതിനെ ചൊല്ലി കുറച്ചുകാലമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെയും ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ ഈശ്വര സ്വാമി കൗണ്ടര്‍ വീടിനുള്ളിലേക്ക് പോയി എയര്‍ഗണ്ണുമായി തിരിച്ചെത്തി വെടിയുതിര്‍ക്കുകയായിരുന്നു. സമീപത്തെ മരക്കൂട്ടത്തിലേക്ക് ഓടിമാറിയതിനാലാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ദമ്പതികള്‍ പറഞ്ഞു.ചെല്ലിയുടെ പരാതിയില്‍ സ്ഥലത്തെത്തിയ അഗളി പോലീസ് ഈശ്വര സ്വാമി കൗണ്ടറെ അറസ്റ്റ് ചെയ്തു.

No comments