‘പാഞ്ച് പ്യാരേ’ പരാമർശം; ഗുരുദ്വാരയിലെ ഭക്തരുടെ ഷൂ തുടച്ച് ഹരീഷ് റാവത്തിന്റെ പ്രായശ്ചിത്തം
പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തെ ‘പാഞ്ച് പ്യാരേ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് വ്യത്യസ്ത രീതിയിൽ പ്രായശ്ചിത്തം ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത്. ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗറിലെ നാനക്മത്ത ഗുരുദ്വാരയുടെ തറ തുടച്ചും അവിടുത്തെ ഭക്തരുടെ ഷൂ തുടച്ചുമാണ് ഹരീഷ് റാവത്ത് പ്രായശ്ചിത്തം ചെയ്തത്.
സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്നതാണ് ‘പാഞ്ച് പ്യാരെ’ എന്ന പദം. പഞ്ചാബിലെ കോൺഗ്രസ് പരിപാടിയിൽ അമരിന്ദർ സിങ്ങും സിദ്ധുവും അടക്കമുള്ള സംസ്ഥാനത്തെ 5 കോൺഗ്രസ് നേതാക്കളെ പ്രശംസിക്കാൻ ഹരീഷ് റാവത്ത് പാഞ്ച് പ്യാരേ എന്ന വാക്ക് ഉപയോഗിച്ചതാണ് വിനയായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിഖ് സംഘടനകൾ കോൺഗ്രസിനെതിരെ
രംഗത്തെത്തിയിരുന്നു. ഹരിഷ് റാവത്തിനെ സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് മാറ്റണം എന്നും കോൺഗ്രസ് പ്രായശ്ചിത്തം ചെയ്യണം എന്നും ആയിരുന്നു നിർദേശം.
വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉണ്ടാവുകയും റാവത്ത് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുകയും ചെയ്തു. അതിന് ശേഷവും ചില സിഖ് സംഘടനകൾ വഴങ്ങിയില്ല. തുടർന്ന് പ്രായശ്ചിത്തമായി ഗുരുദ്വാരയിലെ നിലം വൃത്തിയാക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി അറിയിക്കുകയായിരുന്നു.
No comments