Breaking News

നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കൂടുതൽ പേർ നിരീക്ഷണത്തിൽ


കോഴിക്കോട് : നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശിയാണു മരിച്ചത്. 20 ദിവസം മുൻപാണ് പനി ബാധിച്ചത്. കൂടുതൽ പേരെ ഐസലേഷനിലേക്ക് മാറ്റേണ്ടി വരുമെന്ന് സൂചനയുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും. കൺട്രോൾ റൂം തുറക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ മന്ത്രി വീണാ ജോർജ് പങ്കെടുക്കും


ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. സ്രവ പരിശോധനയുടെ ആദ്യ സാംപിള്‍ ഫലം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറിയെന്നാണു സൂചന. രണ്ടു സാംപിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നാണു റിപ്പോർട്ട്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടെക്ക് തിരിച്ചു.


രണ്ടു സാംപിളുകളിൽ കൂടി രോഗബാധ സ്ഥിരീകരിച്ചാൽ മാത്രമേ ആശങ്കയ്ക്കിടയുള്ളൂയെന്നും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഇവിടെ ചികിത്സ തേടുന്നതിനു മുൻപ് 12 വയസ്സുകാരൻ മറ്റ് രണ്ടു ആശുപത്രികളിലും ചികിത്സ തേടിയിരുന്നതായാണ് വിവരം. സമ്പർക്ക ബാധിതരെ വിലയിരുത്താൻ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടുകയാണ്. 2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം കേസ് റിപ്പോർട്ട് ചെയ്തത്. ഇരുപതോളം പേർ മരിച്ചു. 18 പേരാണ് അന്ന് വൈറസ് ബാധയേറ്റ് മരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈ വൈറസ് ബാധ ഏറെ ആശങ്ക പരത്തിയിരുന്നു.

No comments