Breaking News

പ്രഥമ കുട്ടമത്ത് കുഞ്ഞനന്തക്കുറുപ്പ് മെമ്മോറിയൽ കാവ്യപുരസ്ക്കാരം പുങ്ങംചാൽ സ്വദേശി ഉഷസിന് ഉഷസ് രചിച്ച 'അമ്മ രാമായണം' എന്ന കവിതയ്ക്കാണ് പുരസ്ക്കാരം


വെള്ളരിക്കുണ്ട്: മഹാകവി കുട്ടമത്ത് കുടുംബാംഗവും, കവിയും എഴുത്തുകാരനുമായ കുഞ്ഞനന്തക്കുറുപ്പിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ കാവ്യപുരസ്ക്കാരത്തിന് കവയിത്രിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഉഷാകുമാരി എന്ന ഉഷസ്സിന്.

അമ്മ രാമായണം എന്ന കവിതയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്.

ഡോ. പ്രീജ വിനോദിൻ്റെ നദികൾ തിരക്കിലാണ് എന്ന കവിത പ്രത്യേക ജൂറി പരാമർശത്തിനും അർഹമായി.


ഭരണകൂടവും ഉപജാപക വൃന്ദങ്ങളും കൂടി വിശുദ്ധമായ മാതൃത്വത്തേയും പ്രകൃതിയെയും പെൺമയെയും മാനഭംഗപ്പെടുത്തുന്ന വർത്തമാനകാലത്തിൻ്റെ ആസുരതയെ അടയാളപ്പെടുത്തുകയും അനീതിക്കെതിരെയുള്ള മൂർച്ചയുള്ള ചോദ്യങ്ങൾ കവിത തൊടുക്കുന്നതായും, കാവ്യാത്മകമായ വരികളും മികച്ച രചനാരീതിയും പുലർത്തുന്ന കവിതയെന്നാണ് പുരസ്ക്കാര നിർണ്ണയ സമിതി വിലയിരുത്തിയത്.

മത്സരത്തിനെത്തിയ എല്ലാ കവിതകളും മികച്ച നിലവാരം പുലർത്തിയതായും സമിതി അഭിപ്രായപ്പെട്ടു.


കവിയും, ജോസഫ് മുണ്ടശ്ശേരി അവാർഡ്, വിദ്യാ വചസ്പതി സ്മാരക അവാർഡ്, ബി സി വി പുരസ്ക്കാര ജേതാവും കൂടിയായ മാധവൻ പുറച്ചേരി, എഴുത്തുകാരനും അദ്ധ്യാപകനുമായ എം കെ സതീഷ്, കവിയും അദ്ധ്യാപകനുമായ കൃഷ്ണൻ നടുവിലത്ത്, കവിയും അദ്ധ്യാപകനും നാടക രചയിതാവുമായ ശ്രീകുമാർ കോറോം,

അദ്ധ്യാപകനും കവിയും വിദ്യാരംഗം സാഹിത്യ വേദിയുടെ അമരക്കാരനുമായ കെ ടി രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന വിധികർത്താക്കളാണ് പരസ്ക്കാരത്തിനർഹമായ കവിതകൾ തെരഞ്ഞെടുത്തത്.


വെള്ളരിക്കുണ്ട് പുങ്ങംചാൽ സ്വദേശിനിയായ ഉഷസ്സ് നിരവധി കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്. ഗുണ്ടൽപേട്ടിലെ ചെണ്ടുമല്ലികൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ആശയപരമായ വ്യത്യസ്തത കൊണ്ടും ഘടന പരമായ സവിശേഷതകൾ കൊണ്ടും   പ്രത്യേക ജൂറി പരാമർശത്തിനർഹമായ കവിത എഴുതിയത് ബന്തടുക്ക ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ മലയാളം അദ്ധ്യാപിക കൂടിയായ ഡോ. പ്രീജ വിനോദ് ആണ്. വയനാട് കണിയാമ്പറ്റ കരണി സ്വദേശിയാണ്.

വയനാടൻ ചെട്ടിമാരുടെ പാട്ടുകൾ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒക്ടോബർ 2 ന് സാംസ്ക്കാരികം കാസർഗോഡിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും.

വിനോദ് കുമാർ വേട്രാടിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ റിഫ്ളക്ഷൻ ചടങ്ങിൽ പ്രകാശനം ചെയ്യും

കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ പട്ടാളി, വെള്ളിക്കോത്ത് വിഷ്ണു ഭട്ട് എന്നിവർ സംബന്ധിക്കും.

No comments