Breaking News

വാർത്ത ഫലം കണ്ടു: ജില്ലയിൽ രാത്രികാല സേവനത്തിനായി വെറ്റിനറി ഡോക്ടർമാരെ നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദേശം


വെള്ളരിക്കുണ്ട് (www.malayoramflash.com): ജില്ലയിലെ മൃഗാശുപത്രികളിൽ വെറ്റിനറി ഡോക്ടർമാരുടെ രാത്രികാല സേവനം ലഭ്യമാക്കാനായി എപ്ലോയ്മെൻ്റ് എക്സേഞ്ച് വഴി നിയമനം നടത്താൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശം. രാത്രി കാലങ്ങളിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്തതിനാൽ മൃഗസ്നേഹികളുടെയും കർഷകരുടെയും വളർത്തുമൃഗങ്ങൾ കൃത്യമായ ചികിത്സ കിട്ടാതെ ചത്തൊടുങ്ങുന്ന ഗൗരവകരമായ വിഷയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്ത വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് മൃഗസംരക്ഷ വകുപ്പ് ഡയറക്ട്രേറ്റിൽ നിന്നും ഈ വിഷയത്തിൽ ഇടപെടൽ ഉണ്ടാവുന്നത്.
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി 'മണ്ണിൻ്റെ കാവലാൾ' കർഷക കൂട്ടായ്മ ബന്ധപ്പെട്ട അധികൃതർക്ക് പരാതിയും നൽകിയിരുന്നു.


ജില്ലകളിൽ നിലവിൽ 121 തസ്തികകൾ ഒഴിഞ്ഞു
കിടക്കുന്നു. 908.6454 ലക്ഷം രൂപ ഈ പദ്ധതിയ്ക്കായി അനുവദിച്ചതിൽ 126.864 ലക്ഷം രൂപ മാത്രമാണ് ചെലവഴിക്കുവാൻ കഴിഞ്ഞത്. പദ്ധതി ചെലവിൽ കോട്ടം തട്ടാതെ
പദ്ധതി നർവ്വഹണം നടത്തണമെന്ന് സർക്കാർ നിർദ്ദേശം ഉളളതാണ്.
കേന്ദ്രപദ്ധതികളായ LH & DC, NADCP എന്നീ പദ്ധതികളിൻ കീഴിൽ വാക്സിനേഷൻ ഉടൻ ആരംഭിക്കുന്നതിനാൽ വെറ്ററിനറി ഡോക്ടർമാരുടെ കുറവ് മൃഗചികിത്സാ രംഗത്തെ സാരമായി ബാധിക്കാൻ ഇടയുണ്ട്. കൂടാതെ നിലവിലെ സർക്കാർ സർവ്വീസിലുളള വെറ്ററിനറി സർജന്മാർക്ക്
നിർവ്വഹണ ചുമതല കൂടിയുള്ളതുകൊണ്ട് രാത്രികാല അടിയന്തിര ചികിത്സാ സേവനം നൽകുവാൻ കഴിയുന്നില്ല. രാത്രികാല സേവനത്തിനുളള ഡോക്ടർമാരുടെ കുറവ് നിയമസഭയിൽ പ്രശ്നമായി നിയമസഭാ സാമാജികർ ഉന്നയിച്ചിട്ടുളളതുമാണ്. മലയോര മേഖലയിൽ അടക്കം വെറ്റിനറി ഡോക്ടർമാരുടെ മുഴുവൻ സമയ സേവനം ലഭ്യമാവാത്തതിനാൽ വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്ന ദുർവിധിയെക്കുറിച്ച് കഴിഞ്ഞ ദിവസം മലയോരംഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രശ്നങ്ങളുടെ
പരിഹാരത്തിനായി മൃഗ സംരക്ഷണ വകുപ്പ് ഇടപെട്ടതിൻ്റെ ഭലമായി ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക്
നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.


1. തുടർന്നും സർക്കാർ ഉത്തരവ് പ്രകാരം എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ നിന്നും
വെറ്റിനറി സർജൻമാരെ നിയമിക്കാനുളള നടപടികൾ സ്വീകരിക്കേണ്ടതാണ്.
എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ നിന്നും വെറ്റിനറി സർജൻമാരെ ലഭ്യമാക്കുന്നതുവരെ ഈ ഒഴിവുകൾ നിലനിൽക്കുന്നതുകൊണ്ട് പൊതുജനസേവനം തടസ്സപ്പെടുന്നതിനാൽ ഈ ഇടവേളയിൽ സേവനം ഉറപ്പാക്കുന്നതിനുവേണ്ടി ആവശ്യമായ പരസ്യം നൽകി വാക്ക് ഇൻ ഇന്റർവ്യൂ വഴി ഈ ഒഴിവുകൾ താൽക്കാലികമായി നികത്തേണ്ടതാണ്.
എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ നിന്നും വെറ്ററിനറി സർജൻമാരെ ലഭിക്കുന്ന അവസരത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി നിയമിച്ച വെറ്ററിനറി സർജൻമാരുടെ
സേവനം അടിയന്തിരമായി അവസാനിപ്പിക്കേണ്ടതും എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ
നിന്നും തിരഞ്ഞെടുത്ത വെറ്റിനറി സർജൻമാരെ നിയമിക്കേണ്ടതുമാണ്.


2. ഇങ്ങനെ വാക്ക് ഇൻ ഇന്റർവ്യൂ വഴി നിയമനം നൽകുന്ന വ്യക്തിയെ ഒരു
കാരണവശാലും 90 ദിവസത്തിൽ കൂടുതൽ ഒഴിവിൽ തുടരാൻ അനുവദിക്കരുത്.


3. സൂചന 4-ൽ വ്യവസ്ഥ ചെയ്തിട്ടുളളത് പ്രകാരം യുവവെറ്ററിനറി സർജൻമാരുടെ അഭാവത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കാവുന്നതാണ്.


ഇത്തരം നിർദ്ദേശങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചത്.
പുതിയ നിർദ്ദേശത്തിൽ ജില്ലയിലെ മൃഗസ്നേഹികളും കർഷകരും ഏറെ ആശ്വാസത്തിലാണ്.
(ന്യൂസ് ഡെസ്ക് മലയോരംഫ്ലാഷ്)

No comments