Breaking News

മാതമംഗലത്ത് തിമിംഗിലവിസർജ്യവുമായി രണ്ടുപേർ പിടിയിൽ; മോഹവില 30 കോടിയോളം




തളിപ്പറമ്പ്: മാതമംഗലം കോയിപ്രയിൽ തിമിംഗിലവിസർജ്യവുമായി (ആംബർഗ്രീസ്) രണ്ടുപേർ പിടിയിൽ. ഒൻപത് കിലോയിലധികംവരുന്ന ആംബർഗ്രീസിന് ലോകമാർക്കറ്റിൽ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റെ പരിശോധനയിലാണ് വാഹനവുമായി പ്രതികൾ പിടിയിലായത്. മാതമംഗലം-കോയിപ്ര റോഡിൽ കണ്ണൂർ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

കോയിപ്ര സ്വദേശി കെ.ഇസ്മായിൽ (44), ബെംഗളൂരു കോറമംഗല സ്വദേശിയായ അബ്ദുൽ റഷീദ് (53) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആംബർഗ്രീസ് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപയ്ക്ക് വില്ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. തളിപ്പറമ്പിൽ സി.സി.ടി.വി. ബിസിനസ് നടത്തുന്ന ഇസ്മായിലാണ് ബെംഗളൂരുവിലെ റഷീദിൽനിന്ന് ആംബർഗ്രീസ് വാങ്ങിയത്.

എണ്ണത്തിമിംഗിലങ്ങളിലുണ്ടാകുന്ന ആംബർഗ്രീസ് ഔഷധ-സുഗന്ധദ്രവ്യ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണനിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ട എണ്ണത്തിമിംഗിലത്തിന്റെ ഏതെങ്കിലും ഉത്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ വി.പ്രകാശൻ, തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി.രതീശൻ, ഫ്ലയിങ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ചന്ദ്രൻ, പി.ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.മധു, സി.പ്രദീപൻ, ലിയാണ്ടർ എഡ്വേർഡ്, പി.പി.സുബിൻ, കെ.ഷഹല, ഫ്ളയിങ് സ്ക്വാഡ് സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി.പ്രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

No comments