Breaking News

അഴിമതിക്കെതിരെ നിതാന്ത പോരാട്ടം നടത്തിയ മനുഷ്യസ്‌നേഹി; നവാബിന്റെ ഓർമകൾക്ക് പതിനെട്ട് വയസ്



അധികാര വർഗത്തിന്റെയും ഭരണകൂടത്തിന്റെയും അഴിമതികൾക്കെതിരെ നിതാന്ത പോരാട്ടം നടത്തിയ നവാബ് രാജേന്ദ്രന്റെ ഓർമകൾക്ക് 18 വയസ്. സമൂഹത്തിലെ അരികുചേർക്കപ്പെട്ട മനുഷ്യർക്ക് നീതി ലഭിക്കുന്നതിനും മനുഷ്യാവകാശത്തിനും വേണ്ടി നിയമ വ്യവഹാരങ്ങളിലൂടെയും പത്രപ്രവർത്തനത്തിലൂടെയും നിരന്തരം പരിശ്രമിച്ച മനുഷ്യസ്‌നേഹിയായിരുന്നു നവാബ് രാജേന്ദ്രൻ.





നവാബ് രാജേന്ദ്രൻ, ഹൈക്കോർട്ട് വരാന്ത, കൊച്ചി… സ്വന്തമായി ഒരു മേൽവിലാസം പോലുമില്ലാത്ത മനുഷ്യർക്ക് ഒരുകാലത്ത് എപ്പോഴും ആശ്രയിക്കാവുന്ന മേൽവിലാസമായിരുന്നു ഇത്. ഈ മേൽവിലാസത്തിൽ അയയ്ക്കുന്ന ഒരു കത്തും പരിഗണിക്കപ്പെടാതെ പോകില്ലെന്ന് അത് അയയ്ക്കുന്നവർക്ക് ഉറപ്പായിരുന്നു. ആ ഉറപ്പിന്റെ പേരായിരുന്നു ടി.എ.രാജേന്ദ്രൻ എന്ന നവാബ് രാജേന്ദ്രൻ.


നിലം മുട്ടുന്ന കാവിമുണ്ട്, ജുബ്ബ, തോളിലൊരു സഞ്ചി, നീട്ടി വളർത്തിയ താടിയും മുടിയും…. കാഷായം ചുറ്റിയ, എന്നാൽ സന്യാസിയല്ലാതിരുന്ന നവാബ് രാജേന്ദ്രന്റെ ഈ രൂപം മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. പൊതുതാത്പര്യമല്ലാതെ മറ്റൊരു താത്പര്യവും രാജേന്ദ്രന് ജീവിതത്തിൽ ഇല്ലായിരുന്നു. തൃശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന രാജേന്ദ്രന്റെ നവാബ് എന്ന പത്രം അഴിമതിക്കെതിരായി നടത്തിയത് കുരിശുയുദ്ധങ്ങൾ. തട്ടിൽ എസ്റ്റേറ്റ് അഴിമതി ഉൾപ്പടെ കോൺഗ്രസിലെ എക്കാലത്തെയും ശക്തൻ കെ.കരുണാകരനെതിരെ നവാബ് നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. പൊലീസിന്റെ കൊടിയ മർദ്ദനത്തിൽ രാജേന്ദ്രന് നഷ്ടപ്പെട്ടത് മുൻനിരയിലെ രണ്ട് പല്ലുകളായിരുന്നു. കരുണാകരൻ മന്ത്രിസഭയിലെ അംഗമായിരുന്ന എം.പി.ഗംഗാധരൻ സ്വന്തം മകളുടെ പ്രായം തിരുത്തി വിവാഹം കഴിപ്പിച്ചയച്ച സംഭവം പുറത്തുകൊണ്ടുവന്നത് നവാബ് രാജേന്ദ്രനായിരുന്നു. ഒടുവിൽ, ഗംഗാധരന് രാജിവെയ്‌ക്കേണ്ടിവന്നു. മന്ത്രിമാർ, ഉന്നത രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, ജഡ്ജിമാർ… നവാബ് പോരടിക്കാത്തവർ കുറവായിരുന്നു. കോടതി മുറികളിലെ നവാബിന്റെ ക്രോസ് വിസ്താരങ്ങൾ പ്രഗത്ഭരായ അഭിഭാഷകരെ പോലും വെള്ളം കുടിപ്പിച്ചു. ഒരിക്കൽ രണ്ട് ലക്ഷം രൂപയുടെ ഒരു പുരസ്‌കാരം ലഭിച്ചപ്പോൾ നവാബ് രാജേന്ദ്രൻ ആ തുക നൽകിയത് എറണാകുളം ജനറൽ ആശുപത്രിക്കായിരുന്നു.

2003ൽ അമ്പത്തിമൂന്നാം വയസിൽ നവാബ് രാജേന്ദ്രൻ ജീവിതത്തിൽ നിന്ന് വിടവാങ്ങിയപ്പോൾ സമൂഹത്തിലെ മേൽവിലാസമില്ലാത്തവർക്ക്, അരികുചേർക്കപ്പെട്ടവർക്ക് നഷ്ടമായത് അവരുടെ മേൽവിലാസമായിരുന്നു. നീതിയുടെ വെളിച്ചത്തിനായി നിരന്തരം പോരാടിയ നിസ്വാർത്ഥനായ ഒരു മനുഷ്യനെയായിരുന്നു.

No comments