Breaking News

രാജ്മോഹന്‍ നീലേശ്വരത്തിന്റെ 8മത് നാടകസമാഹാരം `നോട്ടം' ഇന്ന് വൈകിട്ട് 4ന് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി.എൻ.കരുൺ പ്രകാശനം ചെയ്യും


തൃക്കരിപ്പൂർ: അരങ്ങ് ഉണരാൻ തുടങ്ങി. നാടകലോകം പ്രതീക്ഷയിലാണ്. ഏറെക്കാലം നാടകക്കാരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുടേതായിരുന്നെങ്കിൽ ഇനിയങ്ങോട്ട് പ്രതീക്ഷയുടേതാണ്. ആത്മാവിഷ്‌ക്കാരത്തിനു വേണ്ടിയുള്ള അടങ്ങാത്ത പിടച്ചലുമായി നാടകക്കാരൻ മെല്ലെ തട്ടകത്തിലേക്ക് കടക്കുകയാണ്.

നാടകകൃത്തുക്കളെ സംബന്ധിച്ച് ഇത് ധ്യാനാവസ്ഥയാണ്. രംഗാവിഷ്‌ക്കാരത്തിനുള്ള എഴുത്തുപ്പുരയില്‍ നാടകങ്ങള്‍ ഓരോന്നായി പിറവി കൊണ്ടു. ആത്മസമർപ്പണത്തിൻ്റെ ദിനരാത്രങ്ങൾക്കൊടുവിൽ അക്ഷരങ്ങളിൽ അച്ചടിമഷി പുരളുന്ന ധന്യാവസ്ഥയുടെ നിമിഷങ്ങളിലാണ് നാടകപ്രതിഭ രാജ്മോഹന്‍ നീലേശ്വരത്തിന്റെ 8-മത് നാടക സമാഹാരം 'നോട്ടം' ഇന്ന് പ്രകാശിതമാകുന്നത്. വൈകിട്ട് 4ന് മാണിയാട്ട് നടക്കുന്ന ചടങ്ങിൽ 11 നാടകങ്ങളുടെ ഈ സമാഹാരം പ്രശസ്ത സിനിമാ സംവിധായകനും സംസ്ഥാന ചലചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ഷാജി എന്‍ കരുണ്‍ പ്രകാശനം ചെയ്യും. കൈരളി ടിവിയിലെ പി.വി.കുട്ടന്‍ ഏറ്റുവാങ്ങും. ശോഭാ ബാലന്‍, വി.ശശി, സി.പി.ശുഭ, ഡോ.ഇ.ഉണ്ണികൃഷ്ണന്‍, മനോഹരന്‍ എം.കെ, പയ്യന്നൂര്‍ മുരളി, മുകുന്ദന്‍ ആലപ്പടമ്പന്‍, ഉദിനൂര്‍ ബാലഗോപാലന്‍, കൃഷ്ണന്‍ കെ .പി, നന്ദകുമാര്‍ മാണിയാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ശോഭാ പബ്‌ളിഷേഴ്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. സംഘാടകരായ കോറസ്സ് കലാസമിതി, മാണിയാട്ട് അവതരിപ്പിക്കുന്ന വെളിച്ചപ്പാട് എന്ന നാടകവും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.

നോട്ടത്തിലെ ഓരോ നാടകവും തീ പക്ഷ- സ്ത്രീപക്ഷ നാടകങ്ങളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ നാടകരചനയ്ക്ക് കരസ്ഥമാക്കിയ എഴുത്തുകാരന്റെ തീര്‍ത്തും വ്യത്യസ്തമായ രചിത പാഠങ്ങള്‍ കോവിഡാനന്തര രംഗാവിഷ്‌ക്കാരമാക്കാന്‍ തയ്യാറെടുപ്പിലാണ് കലാസമിതികളും.

No comments