Breaking News

മോഫിയ പർവീന്റെ ആത്മഹത്യ; സിഐ സുധീറിനെതിരെ നടപടിക്ക് സാധ്യത മധ്യസ്ഥ ചർച്ചയ്ക്കിടെ സിഐ മോശമായി പെരുമാറിയതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം




ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ സിഐക്കെതിരെ നടപടിക്ക് സാധ്യത. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി. ഭർതൃവീട്ടുകാർക്കും ആലുവ സിഐ സുധീറിനുമെതിരെ നടപടി ആവശ്യപ്പെടുന്ന മോഫിയയുടെ ആത്മഹത്യാകുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.



മധ്യസ്ഥ ചർച്ചയ്ക്കിടെ സിഐ മോശമായി പെരുമാറിയതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോപണം ഉയർന്നതിന് പിന്നാലെ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയി. എന്നാൽ, സുധീറിനെ സർവീസിൽ നിന്ന് നീക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഉത്ര കേസിലുൾപ്പടെ വീഴ്ച വരുത്തിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സിഐ സുധീർ. പൊലീസ് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ ഉണ്ടായ കാര്യങ്ങളിൽ ഉൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.





സംഭത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി മോഫിയയുടെ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിൽ പോയെന്നാണ് പോലീസ് നൽകുന്ന വിവരം.

ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെയും സുഹൈലിൻ്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ ആലുവ സിഐ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.

No comments