Breaking News

കൊവിഡ് കൊള്ള: 1500 രൂപയുടെ തെർമോമീറ്റർ വാങ്ങിയത് 5400 രൂപയ്ക്ക്, ലക്ഷങ്ങളുടെ വെട്ടിപ്പ്


തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൻറെ പേരിൽ ഒന്നാം പിണറായി സർക്കാർ വാങ്ങിയ ഇൻഫ്രാറെഡ് തെർമോ മീറ്ററിൻറെ മറവിലും ലക്ഷങ്ങളുടെ വെട്ടിപ്പ് . 1500 മുതൽ 2000 രൂപ വരെ വിലയ്ക്ക്  തെർമോമീറ്റർ കിട്ടുമെന്നിരിക്കെ സർക്കാർ കൊടുത്തത് ഒന്നിന് 5400 രൂപ. ഏറ്റവും മികച്ചത് 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേർപ്പെട്ട സർജിക്കൽ സ്ഥാപനം സ്വകാര്യ ന്യൂസ് ചാനലിനോട് സമ്മതിച്ചു.


കൊവിഡ് കാലത്ത് എല്ലാവർക്കും സുപരിചതമായതാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ. ആശുപത്രികളിലും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും എന്ന് വേണ്ട എല്ലായിടത്തും ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിട്ടത്. ഇൻഫ്രാറെഡ് തെർമോമീറ്ററാണ് ഇതിനായി ഉപയോഗിച്ചതും. സർക്കാരിനും ആശുപത്രിയിലടക്കം വിതരണം ചെയ്യാൻ ധാരാളം വേണ്ടി വന്നു. 


അടിയന്തര ആവശ്യത്തിന്റെ പേരിൽ തൃശൂർ സർജിക്കൽസ് എന്ന സ്ഥാപനം കഴിഞ്ഞ വർഷം ഏപ്രിൽ മുപ്പതിന് സർക്കാരിന് ക്വട്ടേഷനയക്കുന്നു. 5400 രൂപയ്ക്ക് ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകാമെന്നായിരുന്നു ക്വട്ടേഷൻ. മെഡിക്കൽ സർവ്വീസസ് കോർപറേഷൻറെ അന്നത്തെ ജനറൽ മാനേജർ ഡോക്ടർ എസ് ആർ ദിലീപ് കുമാർ കമ്പനിയുമായി ചർച്ച ചെയ്യുന്നു. വിപണിവിലയുടെ മൂന്നിരട്ടി തീരുമാനിച്ച് ക്വട്ടേഷൻ കിട്ടിയ ദിവസം തന്നെ ഫയൽ തുടങ്ങുന്നു. 


അന്ന് തന്നെ വൈകുന്നേരത്തിന് മുമ്പ് പർച്ചേസ് ഓർഡറും തയ്യാറാക്കി. ഒരു ഉദ്യോഗസ്ഥൻ പോലും വിപണി വിലയെക്കുറിച്ച് ഫയലിൽ ഒരക്ഷരം മിണ്ടിയില്ല. ജനറൽ മാനേജറുടെ തീരുമാനം അതുപോലെ നടപ്പായി. വിപണിവിലയുടെ മൂന്നിരട്ടി വിലയായ 5400 ന് തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം സർക്കാർ ഇൻഫ്രാറെഡ് തെർമോമീറ്റർ വാങ്ങി നൽകിയത് എന്ന് ഈ രേഖകൾ പരിശോധിച്ചാൽ വ്യക്തമാണ്. 


കൊവിഡ് വന്നതോടെ ടെണ്ടറൊന്നും ആവശ്യമില്ലെന്നതിന്റെ ബലത്തിൽ കൈയ്യും കണക്കുമില്ലാതെ സാധനസാമഗ്രികൾ സർക്കാർ വാങ്ങിക്കൂട്ടിയതിൻറെ രേഖകളാണിതെല്ലാം. ഒന്നാം പിണറായി സർക്കാർ കൊവിഡിനെ പ്രതിരോധിക്കാൻ കാട്ടിയ ആത്മാർത്ഥത പക്ഷേ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ കാണിച്ചില്ലെന്ന് വ്യക്തമാവുകയാണ്. 

No comments