Breaking News

ആസൂത്രണസമിതി യോഗം: ജില്ലാ ആശുപത്രിയിൽ ജറിയാട്രിക് ഒ.പി.യും വാർഡും സ്ഥാപിക്കും


ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ജറിയാട്രിക് ഒ.പി.യും വാര്‍ഡും സ്ഥാപിക്കാന്‍ ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ തീരുമാനം.  എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മ്മിച്ച കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാന്‍ 2.50 കോടി രൂപയാണ് ചെലവ്. ഇതിനായി 1:20 കോടി രൂപ ജില്ല പഞ്ചായത്തും ബാക്കി തുക കെ.ഡി.പി.യും വകയിരുത്തി പദ്ധതി അംഗീകരിക്കും. ജില്ലാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തില്‍ എം.പി, എം.എല്‍.എമാരുടെ സഹായത്തോടെ കൂടുതല്‍ സൗകര്യമൊരുക്കും. ജില്ലയിലെ സ്‌കൂളുകള്‍ പെയിന്റടിക്കാന്‍ 40 ലക്ഷം രൂപ നീക്കിവെച്ചു. സ്‌കൂളുകളിലേക്കുള്ള ഫര്‍ണിച്ചര്‍ ഒന്നാം ഘട്ടം വിതരണം പൂര്‍ത്തിയായി. തൊഴിലുറപ്പ് പദ്ധതി സംയോജിപ്പിച്ച് സ്‌കൂളുകള്‍ക്ക് കഞ്ഞിപ്പുര, കളിസ്ഥലം, ചുറ്റുമതില്‍ എന്നിവ നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറായി വരുന്നു.ജില്ലയില്‍  തെരഞ്ഞെടുത്ത 12 സ്‌കൂളുകളില്‍ ജല ഗുണനിലവാര ലാബുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു


യോഗത്തില്‍ 38 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വര്‍ഷത്തെ  പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതോടുകൂടി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിച്ചു. ജില്ലാ പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതും തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും സര്‍ക്കാറില്‍ നിന്ന് പ്രോത്സാഹന സഹായം പ്രതീക്ഷിക്കുന്നതുമായ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുഖ്യ പങ്കാളിയായ 110 ലക്ഷം രൂപയുടെ ആനമതില്‍ പദ്ധതി സര്‍ക്കാറില്‍ നിന്നും പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയ ശേഷം സംസ്ഥാന ആസൂത്രണ ബോഡിലേക്ക് അയക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ആസൂത്രണ സമിതിയോഗം വേദിയായി. 


ഡിസംബര്‍ 15  മുതല്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത പദ്ധതികളുടെ ബ്ലോക്ക്തല അവലോകന യോഗം ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടക്കും. 15ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റയും ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി അവലോകനം നടക്കും. ഉച്ചയ്ക്ക് 2 മുതല്‍ അഞ്ച് വരെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റയും ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി അവലോകനം നടക്കും.


ഡിസംബര്‍ 16 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റയും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി അവലോകനം നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റയും ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി അവലോകനം നടക്കും. 17 ന് രാവിലെ 10 മുതല്‍ വൈകീട്ട് 1 വരെ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റയും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി അവലോകനം നടക്കും. ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ കാഞ്ഞങ്ങാട് ബ്ലാക്ക് പഞ്ചായത്തിന്റയും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി അവലോകനം നടക്കും. 


ഡിസംബര്‍ 18ന് രാവിലെ 10 മുതതല്‍ ഉച്ചയ്ക്ക് ഒരുമണി  വരെ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെ പദ്ധതി അവലോകനം നടക്കും. 

ഡിസംബര്‍ 23 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളുടെ അവലോകനം നടത്തും. 


യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ നിനോജ്, സര്‍ക്കാര്‍ നോമിനി അഡ്വ.സി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ആസൂത്രണ സമിതി അംഗങ്ങളായ എസ്.എന്‍. സരിത, ഗീതകൃഷ്ണന്‍, കെ. ശകുന്തള, ജാസ്മിന്‍ കബീര്‍, ജോമോന്‍ ജോസ്, ആര്‍.റീത്ത, ഗോള്‍ഡന്‍ അബ്ദുറഹ്മാന്‍, നജ്മ റാഫി, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.

No comments