ഇന്ന് ഭിന്നശേഷി ദിനം ; ശരീരം തളർന്ന് കിടപ്പിലായിട്ടും ലക്ഷങ്ങളുടെ ബിസിനസ് നടത്തി ജീവിതം തിരികെ പിടിക്കുകയാണ് ഈസ്റ്റ്എളേരി കമ്പല്ലൂരിലെ ഷാനവാസ്
വെള്ളരിക്കുണ്ട്: ഈസ്റ്റ്എളേരി കമ്പല്ലൂരിലെ ഷാനവാസ് തന്റെ ഹൈഡ്രോളിക് കിടക്കയിൽ നിന്നും ഫോൺ കോളിലൂടെ കോടികളുടെ തടി ബിസിനസ്സ് നടത്തുകയാണ്.
മുറിയുടെ നടുവിൽ സ്ഥാപിച്ച സെമി ഓട്ടോമാറ്റിക് ഹൈഡ്രോളിക് കിടക്കയിൽ കിടക്കയിൽ നിന്നും തനിക്ക് അഭിമുഖമായുള്ള ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന 32 ഇഞ്ച് മോണിറ്റർ നോക്കിയാണ് ഷാനവാസ് രണ്ട് തടി കടകളിൽ നിന്നും ഡിപ്പോയിൽ നിന്നും സ്വന്തം വീടിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ട് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇടത് ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന ആപ്പിൾ ഇയർപോഡ് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു. ഇതാണെൻ്റെ ഓഫീസെന്ന് ഷാനവാസ് പറയുന്നു
12 വർഷം മുമ്പാണ് പെരിയ കുണിയയിൽ വച്ചുണ്ടായ കാർ അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് ഷാനവാസ് തളർന്നു കിടപ്പിലായത്. നാലര മാസം തീവ്രപരിചര വിഭാഗത്തിലായിരുന്നു. ഭാര്യ, രണ്ട് പെൺമക്കൾ.. അവരുടെ ഭാവി.. കിടന്ന കിടപ്പിൽ എങ്ങനെ മുന്നോട്ട് പോകാൻ കഴിയും..?? ജീവിതം ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായി മാറി. പിന്നീട് ചികിത്സക്കായി വെല്ലൂർ ആശുപത്രി വാസമാണ് ഷാനവാസിൻ്റെ ജീവിതം മാറ്റിമറിച്ചത്. തന്നെക്കാളും ദുരിതത്തിൽ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേർ ചുറ്റിലും..അവിടെ വച്ചാണ് ജീവിതം തിരികെ പിടിക്കണമെന്ന് ഷാനവാസ് തീരുമാനമെടുക്കുന്നത്. അങ്ങനെ ആശുപത്രി കിടക്കയിൽ വച്ച് തന്നെ ബിസിനസ് ആരംഭിച്ചു. ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല ..
കഴിഞ്ഞ 12 വർഷമായി ഷാനവാസ് തളർന്ന് കിടപ്പാണെങ്കിലും കോടിക്കണക്കിന് രൂപയുടെ തടി ബിസിനസിൻ്റെ വളർച്ചയ്ക്ക് അതൊന്നും തടസ്സമായില്ല. ഇദ്ദേഹം വിജയിക്കുക മാത്രമല്ല, എല്ലാ വലുപ്പത്തിലും എല്ലാ ആവശ്യങ്ങൾക്കുമുള്ള ഗുണമേന്മയുള്ള മര ഉരുപ്പടികൾ വിതരണം ചെയ്യുന്ന ഒരു വിശ്വസ്തനായ തടി വ്യാപാരി കൂടിയായി ഇന്ന് മാറിക്കഴിഞ്ഞു. ലാഭം കുറഞ്ഞാലും കൂടുതൽ ബിസിനസ് ഉണ്ടാക്കുക എന്നതാണ് ഷാനവാസിൻ്റെ പോളിസി. കിട്ടുന്ന ലാഭത്തിൽ നിന്നും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഇദ്ദേഹം ചെയ്തു വരുന്നുണ്ട്.
ശരീരം തളർന്നാലും മനസ് തളരാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ വിജയിക്കാമെന്ന് എൻ്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഷാനവാസ് പറഞ്ഞു.
ഇതുപോലെ വീണു പോയവർക്ക് ഉയർത്തെഴുന്നേൽക്കാൻ തൻ്റെ ജീവിതം കൊണ്ട് പ്രചോദനം നൽകുകയാണ് ഷാനവാസ്.
🖋️ ചന്ദ്രുവെള്ളരിക്കുണ്ട്
No comments