Breaking News

പ്രതിസന്ധിയിൽ തളരാതെ ജീവിതവിജയം കൊയ്ത് വീട്ടമ്മ ഭീമനടിയിലെ സതിയുടെ പലഹാരപ്പെരുമ മലയോരത്ത് വൻഹിറ്റ്


വെള്ളരിക്കുണ്ട്: (www.malayoramflash.com) പ്രതിസന്ധികളിൽ തളരാതെ സ്വന്തം പ്രയത്നം കൊണ്ട് ജീവിത വിജയം നേടിയ ഈ വീട്ടമ്മയുടെ കഥ എല്ലാവർക്കും ഒരു പ്രചോദനമാണ്. ഭീമനടി മാടവളപ്പിൽ സതി ശശിയാണ് തളരാത്ത മനവുമായി കൊതിയൂറും വിഭവങ്ങളൊരുക്കി ജീവിത വിജയം കൊയ്യുന്നത്. ചെറിയ രീതിയിലുള്ള പലഹാര വിൽപ്പനയിൽ നിന്നും തുടങ്ങി ഇന്നിപ്പോൾ മലയോരത്തെ മിക്ക ഹോട്ടലുകളിലും ചായക്കടകളിലും ഈ വീട്ടമ്മയുടെ രുചിക്കൂട്ട് ചാലിച്ച വിഭവങ്ങൾക്ക് വൻ ഡിമാൻഡാണ്. ഭീമനടി നർക്കിലക്കാട് ടൗണുകളിൽ മാത്രം എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്ത് കാൽനടയായും, ബസ്സിലും യാത്ര ചെയ്ത് പലഹാരങ്ങൾ കടകളിൽ എത്തിച്ചു നൽകിയായിരുന്നു തുടക്കം. പിന്നീട് ഭീമനടി ടൗൺ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ചെറിയ രീതിയിൽ ഒരു ചായക്കട ആരംഭിച്ചു. സതിയുടെ എണ്ണപ്പലഹാരങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ പൂർണ്ണമായും അവയുടെ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. പിന്നീട് കൂടുതൽ പ്രദേശങ്ങളിലേക്ക് പലഹാരം എത്തിച്ച് നൽകാൻ ഒരു ടൂവീലർ വാങ്ങി. സതിയുടെ പലഹാര പെരുമ നാട്ടിൽ ഹിറ്റായതോടെ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. നിന്ന് തിരിയാൻ സമയമില്ലാതെ പലഹാരങ്ങളിൽ രുചിക്കൂട്ട് ചലിക്കുന്ന തിരക്കിലാണിപ്പോൾ ഈ വീട്ടമ്മ. കൊന്നക്കാട് മുതൽ ഭീമനടി, നർക്കിലക്കാട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് തുടങ്ങിയ മലയോരത്തെ ഒട്ടുമിക്ക ടൗണുകളിലും ഇപ്പോൾ സതിയുടെ എണ്ണപലഹാരങ്ങൾ എത്തുന്നുണ്ട്. ഓർഡറുകളും എത്തിക്കേണ്ട സാധനങ്ങളും കൂടിയതോടെ സ്ക്കൂട്ടി മാറ്റി സതി ഒരു കാർ വാങ്ങി. ഇപ്പോൾ കാറിലാണ് പലഹാരങ്ങൾ മലയോരത്തെ ഹോട്ടലുകളിൽ എത്തിക്കുന്നത്. 

എല്ലാ ദിവസവും പുലർച്ചെ 2 മണിക്ക് എഴുന്നേറ്റുള്ള കഠിന പ്രയത്നവും ഇച്ഛാശക്തിയുമാണ് സതിയുടെ ജീവിത വിജയത്തിൻ്റെ രഹസ്യം. കാൽനടയിൽ നിന്ന് തുടങ്ങി കാറിലെത്തി നിൽക്കുന്ന അഭിമാനകരമായ നേട്ടം കണക്കിലെടുത്ത് കുടുംബശ്രീ പ്രവർത്തക കൂടിയായ സതിയെ ഏറ്റവും മികച്ച സംരംഭക എന്ന നിലയിൽ ആദരിച്ചിരുന്നു. വിദേശ യാത്ര പോകുന്നവർ സതിക്ക് പ്രത്യേകം ഓർഡർ നൽകി ഉണ്ണിയപ്പവും അരിയുണ്ടയും ഉണ്ടാക്കി വാങ്ങാറുണ്ട്. പുലർച്ചെ 2 മണിക്ക് എഴുന്നേറ്റ് സതി പലഹാരം ഉണ്ടാക്കാനുള്ള പണി ആരംഭിക്കും രാവിലെ 8 മണിക്ക് പലഹാരങ്ങളെല്ലാം പായ്ക്ക് ചെയ്ത് സ്വന്തമായി കാർ ഓടിച്ച് മലയോരത്തെ വിവിധ ചായകടകളിലേക്ക് എത്തിക്കാൻ തുടങ്ങും. മകൾ ശാരികയെ വിവാഹം ചെയ്ത് അയച്ചതും മകൻ ശരത്തിൻ്റെ ഹോട്ടൽ മാനേജ്മെന്റ് പഠനം മുന്നോട്ട് കൊണ്ട് പോകുന്നതെല്ലാം സതിയുടെ അധ്വാനത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ്.

ഏതു പ്രതിസന്ധികളിലും അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ജീവിതത്തിൽ വിജയം നേടാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയോരത്തെ സാധാരണക്കാരിയായ ഈ വീട്ടമ്മ.



🖋️ചന്ദ്രു വെള്ളരിക്കുണ്ട്

No comments