Breaking News

നാല് മേഖലകളിൽ ഊന്നൽ: ഒന്നര മണിക്കൂറിൽ ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് നിർമല സീതാരാമൻ


നാല് മേഖലകളില്‍ ഊന്നല്‍ കൊടുക്കുന്ന പ്രഖ്യാപനങ്ങളോടെ ഒന്നര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. പിഎം ഗതി ശക്തിയെന്ന വമ്പന്‍ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകര്‍ഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നല്‍. 22 ലക്ഷം കോടി രൂപയുടെ വരുമാനത്തില്‍ നിന്ന് ഏഴര ലക്ഷം കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചിരിക്കുന്നത്. 34 ശതമാനത്തിന്റെ വര്‍ധനവാണ് ഈ മേഖലയിലെ നീക്കിയിരുപ്പില്‍ ഉണ്ടായിരിക്കുന്നത്.


ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35-ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവസാനിപ്പിച്ചു. സഹകരണ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കും. കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കും. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കും.


വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കും. 2022-23 വര്‍ഷത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 48,000 കോടി രൂപ അനുവദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. ഈ 50 വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ കടമെടുക്കലുകളേക്കാള്‍ കൂടുതലാണ്. പ്രധാനമന്ത്രി ഗതി ശക്തിയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളുടെ മറ്റ് ഉല്‍പ്പാദന മൂലധന നിക്ഷേപങ്ങള്‍ക്കും ഈ ഫണ്ട് ഉപയോഗിക്കാം.

No comments