Breaking News

ഭീമനടിയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ ജലവിതരണ സംവിധാനം മുടങ്ങിയിട്ട് 4 ദിവസം ബസ്റ്റാൻ്റിൽ കുടിവെള്ളം മുടങ്ങി, പൊതുശൗചാലയവും ഹോട്ടലുകളും അടച്ചിട്ടു

വെള്ളരിക്കുണ്ട്: നിരവധി യാത്രക്കാരും വാഹനങ്ങളും എത്തുന്ന വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് ഭീമനടി ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ജലവിതരണം മുടങ്ങിയിട്ട് നാല് ദിവസം കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. വെള്ളം നിന്നതോടെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ പൂട്ടിയതായും വ്യാപാരികൾ മലയോരം ഫ്ലാഷിനോട് പറഞ്ഞു. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ബസ്റ്റാൻ്റിലെ പൊതു ശൗചാലയവും അടച്ചിട്ടിരിക്കുകയാണ്. ജലവിതരണം നിന്നതോടെ ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ഭീമനടി ന്യൂസ് വാട്സ് ആപ്പ് കൂട്ടായ്മ സ്ഥാപിച്ച കുടിവെള്ള സംവിധാനവും മുടങ്ങി. മലയോരത്തെ നൂറ് കണക്കിന് യാത്രക്കാർ ഉൾപ്പടെ ദീർഘദൂര യാത്രക്കാരും ഒട്ടനവധി വാഹനങ്ങളും കടന്നു പോകുന്ന ബസ്റ്റാൻ്റിലാണ് ഈ അവസ്ഥ. ശൗചാലയം അടച്ചിട്ടതിനാൽ യാത്രക്കാരും വ്യാപാരികളും ദുരിതത്തിലാണ്. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോർ കേടായതാണ് ജലവിതരണം മുടങ്ങിയതിൻ്റെ കാരണമെന്ന് കരുതുന്നു. തൊട്ടടുത്താണ് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. അധികാരികൾ ഇടപെട്ട് എത്രയും പെട്ടെന്ന് തകരാർ പരിഹരിച്ച് ജലവിതരണം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടേയും ആവശ്യം.

No comments