Breaking News

ഇനി പടിഞ്ഞാറൻ അതിർത്തിയിലേയ്ക്ക്; സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ പോൾട്ടോവയിൽ എത്തി സംഘത്തിൽ 150 ഓളം മലയാളികളും


പോള്‍ട്ടോവ: സുമിയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘം പോള്‍ട്ടോവയില്‍ എത്തി. 600ലേറെ പേരുള്ള സംഘം ഇവിടുത്തെ റെയില്‍വേ സ്റ്റേഷനിലെത്തിയതായി ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ മനുഷ്യത്വ ഇടനാഴി വഴി ഒഴിപ്പിക്കപ്പെടുന്ന ആദ്യ സംഘമാണ് ഇതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലേയ്ക്കുള്ള ട്രെയ്‌നിലേയക്ക് ഇവര്‍ കയറിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ട്രെയ്‌നില്‍ നല്ല തിരക്കുണ്ടെന്നും വളരെ പതുക്കയേ ഇത് നീങ്ങുവെന്നുമാണ് അറിയുന്നത്. 11 മണിക്കൂര്‍ സമയമാണ് ഒഴിപ്പിക്കലിന് ലഭിച്ചിരിക്കുന്നത്. സുമിയിലെ സുരക്ഷിത പാത തുറന്നതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ തുടങ്ങിയെന്ന ആശ്വാസ വാര്‍ത്ത പുറത്ത് വരുന്നത്.

694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഒഴിപ്പിക്കുന്നത്. സുമിയില്‍ നിന്നും 175 കിലോ മീറ്റര്‍ അകലെയാണ് പോള്‍ട്ടോവ. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വെടിനിര്‍ത്തലും, സുരക്ഷിത പാതയും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുള്‍പ്പെടെയുള്ള അന്താരാഷ്ട സമൂഹം വലിയ സമ്മര്‍ദം ചെലുത്തിയിരുന്നു. നേരത്തെ, റഷ്യ മുന്നോട്ട് വച്ച മാനുഷിക പാതകളിലൂടെയല്ല ഇപ്പോള്‍ രക്ഷാ ദൗത്യം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യ മുന്നോട്ട് വച്ച പാതകള്‍ യുക്രൈന്‍ തള്ളിയിരുന്നു. റഷ്യ മുന്നോട്ട് വച്ച പാതകള്‍ സുരക്ഷിതമല്ലെന്നും ഇവ മറ്റ് ചിലലക്ഷ്യങ്ങോടെ സാധ്യമാക്കിയത് ആണ് എന്നുമായിരുന്നു യുക്രൈന്‍ നിലപാട്.

No comments