Breaking News

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: തൃക്കാക്കര വൈസ് ചെയർമാന്റെ മകൻ ഷാബിൻ പിടിയിൽ


എറണാകുളം: ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് നെടുമ്പാശ്ശേരി വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയില്‍. മുസ്ലീം ലീഗ് നേതാവ് കുടിയായ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനാണ് പിടിയിലായത്. കൊച്ചിയില്‍ നിന്നാണ് ഷാബിനെ പിടികൂടിയത്. ഷാബിലിന് പുറമെ സിനിമ നിര്‍മാതാവ് കൂടിയായ കെ പി സിറാജുദ്ദീനും പിടിയിലായിട്ടുണ്ട്. സ്വര്‍ണം പിടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷാബിന്‍ ഒളിവില്‍ പോവുകയും കെ പി സിറാജുദ്ദീന്‍ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പിടിയിലായതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇരുവര്‍ക്കും കസ്റ്റംസ് നോട്ടീസയക്കുകയും ഷാബിന്റെ പാസ്‌പോര്‍ട്ട് കസ്റ്റംസ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാവുകയും ചെയ്തിരുന്നു.

വാക്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മ്മാതാവാണ് കെ പി സിറാജുദ്ദീന്‍. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാര്‍ഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. ഇത് വാങ്ങാനെത്തിയ നകുല്‍ എന്നയാളുമായി ഷാബിന് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇവര്‍ മുമ്പും വലിയ യന്ത്രങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നുണ്ട്. നിര്‍മ്മാതാവായ സിറാജുദ്ദീന്റെ വീട്ടിലും ഇബ്രാഹിംകുട്ടിയുടെ വീട്ടിലും കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയിരുന്നു. തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസ് ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇബ്രാഹിംകുട്ടിയിലേക്കും ഷാബിനിലേക്കും തിരിഞ്ഞത്.

No comments