Breaking News

'ക്രിമിനലുകളെ സംരക്ഷിക്കുന്ന അമ്മയിൽ തുടരില്ല'; പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് ഹരീഷ് പേരടി




താരരംഘടനയായ അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള സന്നദ്ധതയറിയിച്ച് നടന്‍ ഹരീഷ് പേരടി (Hareesh Peradi). സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയിലെ തന്‍റെ പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിലാണ് ഹരീഷ് അമര്‍ഷം പ്രകടിപ്പിച്ചിരിക്കുന്നത്.

A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്‍റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം- ഹരീഷ്പേരടി, ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് ശ്വേത മേനോന്‍ അധ്യക്ഷയായ, അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ ചെയ്‍തിരുന്നു. എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് വിജയ് ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജി വച്ചിരുന്നു. വിജയ് ബാബുവിനെതിരെ സ്വീകരിക്കേണ്ട നടപടിയെച്ചൊല്ലി സംഘടനയില്‍ അഭിപ്രായവ്യത്യാസം പുകയുകയാണ്. നടപടി വേണമെന്നും വേണ്ടെന്നും നിലപാടുള്ള രണ്ട് വിഭാഗങ്ങള്‍ സംഘടനയിലുണ്ട്. നടപടി എടുത്താൽ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവരുടെ വാദം.

അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി സാംസ്കാരിക മന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേംമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന മന്ത്രി പി രാജീവിന്റെ പരാമർശത്തിനെതിരെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പ്രതിഷേധം അറിയിക്കാനാണ് സാധ്യത.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വർഷം മുമ്പാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ തുടർചർച്ചയല്ല വേണ്ടത്, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യുസിസി നിലപാട്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സർക്കാരിനെ ദേശീയ വനിതാ കമ്മീഷൻ വിമർശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

No comments