Breaking News

റൂട്ട് 100 മീറ്റർ അധികമായതിനാൽ പെർമിറ്റ് ഇല്ല; നാട്ടുകാർ ആവശ്യപ്പെട്ട് വാങ്ങിയ ബസ് ഓടിക്കാനാകാതെ ഉടമ


കാസർഗോഡ്: നാട്ടുകാർ ആവശ്യപ്പെട്ട് വാങ്ങിയ ബസ് നിരത്തിൽ ഓടിക്കാനാകാതെ ഉടമ പ്രതിസന്ധിയിൽ. ചെറുവത്തൂരിലെ ശരത് കുമാർ കുട്ടമത്ത് വാങ്ങിയ ബസിനാണ് 100 മീറ്റർ അധികമായതിനാൽ പെർമിറ്റ് നൽകാത്തത്. കാഞ്ഞങ്ങാട് നിന്നു പാറപ്പള്ളി കുമ്പള, ഉദയപുരം, കൊട്ടോടി, കുറ്റിക്കോൽ, പാണ്ടി വഴി അഡൂരിലേക്ക് സർവീസ് നടത്താൻ ആണ് പുതിയ ബസ് വാങ്ങിയത്. മുൻപ് ഈ റൂട്ടിൽ ഇദ്ദേഹം മറ്റൊരു ബസിന് പകരമായി സർവീസ് നടത്തിയിരുന്നു.


പിന്നീട് നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നു ഈ റൂട്ടിൽ പുതിയ ബസ് വാങ്ങി. എന്നാൽ നിലവിൽ സർവീസ് നടത്തിയ ബസ് ഉടമയുടെ അഭ്യർഥനയെ തുടർന്ന് ഈ ബസ് പയ്യന്നൂർ- കാഞ്ഞങ്ങാട് റൂട്ടിൽ മാറ്റി. പിന്നീട് ബസ് കാലപ്പഴക്കം വന്നതോടെ മുൻപ് സർവീസ് നടത്തിയ ബസ് നിർത്തി. കാലാവധി കഴിഞ്ഞതിനാൽ ഇതിന്റെ പെർമിറ്റും റദ്ദായി. പിന്നീട് ഈ റൂട്ടിൽ ബസ് സർവീസ് ഇല്ലാതെ വന്നതോടെ നാട്ടുകാർ ശരത്തുമായി ബന്ധപ്പെട്ട് ബസ് സർവീസ് നടത്തണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.


നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നു ശരത് സുഹൃത്തുമായി ചേർന്നു പുതിയ ബസ് വാങ്ങി. പെർമിറ്റിന് അപേക്ഷിച്ചപ്പോൾ ആണ് പണി കിട്ടിയത്. പുതിയ ബസിന് പെർമിറ്റ് ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നു മാത്രമേ നൽകാൻ കഴിയൂവെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. എന്നാൽ ജനങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് പരിഗണിച്ച് അന്നത്തെ കളക്ടർ സജിത്ത് ബാബു പെർമിറ്റ് നൽകാൻ ഉത്തരവിട്ടു. പിന്നാലെ ഉടക്കുമായി കെഎസ്ആർടിസി എത്തി. കാഞ്ഞങ്ങാട് മുതൽ മാവുങ്കാൽ വരെ നോട്ടിഫൈഡ് റൂട്ട് ആണെന്നും 5 കിലോമീറ്റർ താഴെ വരെ മാത്രമേ പെർമിറ്റ് നൽകാവൂ എന്നുമായിരുന്നു ഇവരുടെ ന്യായം.

No comments