Breaking News

സാമൂഹികനീതി വകുപ്പിന്റെ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി



സാമൂഹികനീതി വകുപ്പിന്റെ 31 സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. സാമൂഹികനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേനയാണ് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഭാഗമായാണിത്. വീട്ടിലിരുന്നു സ്വന്തമായി കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് പോര്‍ട്ടല്‍ വഴി സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍, ജന സേവന കേന്ദ്രങ്ങൾ, കമ്പ്യൂട്ടര്‍ സെന്ററുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു.
സാമൂഹിക നീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന വിദ്യാകിരണം, വിദ്യാജോതി, സ്‌കോളര്‍ഷിപ്പ് പദ്ധതി, വിദൂര വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിജയാമൃതം, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുള്ള ധനസഹായപദ്ധതി പരിണയം, നിരാമയ, കാഴ്ചവൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്കുള്ള അലവന്‍സ്, സഹായ ഉപകരണ വിതരണപദ്ധതി, വികലാംഗ ദുരിതാശ്വാസ നിധി, മാതൃജ്യോതി, സ്വാശ്രയ, നിയമപരമായ രക്ഷകര്‍തൃത്വം, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം തുടങ്ങിയ സേവനങ്ങള്‍. പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ വിഭാഗത്തിനു നല്‍കുന്ന വിദ്യാഭ്യാസ ധനസഹായം, പ്രഫഷണല്‍ വിദ്യാഭ്യാസം, സ്വയം തൊഴില്‍ ധനസഹായം, ആശ്രിതര്‍ക്കുള്ള സ്വയംതൊഴില്‍ ധനസഹായം, പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം, അതിക്രമത്തിനിരയായവര്‍ക്കുള്ള സ്വയം തൊഴില്‍ ധനസഹായം, പ്രൊബേഷണര്‍മാര്‍ക്കുള്ള സ്വയം തൊഴില്‍ ധനസഹായം, അതിക്രമത്തിനിരയായവര്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ സേവനങ്ങളും. ട്രാന്‍സ്ജെന്‍ഡറുകളുടെ ക്ഷേമപദ്ധതികളായ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, സഫലം പദ്ധതി, ഹോസ്റ്റല്‍ സൗകര്യം, എസ്ആര്‍എസ്, പദ്ധതി, എസ്ആര്‍എസ് തുടര്‍ചികിത്സ, വിവാഹ ധനസഹായം, വയോജനക്ഷേമപദ്ധതികളായ വയോമധുരം, മന്ദഹാസം, മിശ്രവിവാഹ ധനസഹായം തുടങ്ങിയ സേവനങ്ങളുമാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി മൊബൈലില്‍ ഒടിപി ലഭ്യമാക്കും. പാസ് വേഡ് ഉണ്ടാക്കി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ ഉണ്ടാക്കിയശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. പോര്‍ട്ടല്‍ ലിങ്ക് - suneethi.sjd.kerala.gov.in

No comments