Breaking News

യുവപ്രതിഭ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യാം മികച്ച യുവജന ക്ലബ്ബുകൾക്ക് അവാർഡിന് അപേക്ഷിക്കാം

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് 2021ലെ സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തില്‍ നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നിര്‍ദ്ദേശിക്കേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമപ്രവര്‍ത്തനം (ദൃശ്യമാധ്യമം) കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ്  പുരസ്‌കാരങ്ങള്‍ നല്‍കുക. പുരസ്‌കാരത്തിനായി സ്വയം അപേക്ഷ നല്‍കാന്‍ കഴിയില്ല. അതാത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ ജില്ലാതലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാന തലത്തിലെ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ആഗസ്ത് 15. മാര്‍ഗ്ഗനിര്‍ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രത്തിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും www.ksywb.kerala.gov.in ലഭിക്കും. ഫോണ്‍ 04994 256219. 

No comments