Breaking News

കിനാനൂർ -കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകളിൽ ഗ്രാമീണ ചന്തകൾ , ചെങ്കല്ല്, പാള പ്ലേറ്റ് നിർമാണത്തിന് ധനസഹായം... ജില്ലാ പഞ്ചായത്തിന് നൂതന പദ്ധതികൾ




കാസർകോട്‌ : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതികൾക്ക്‌ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 490 പദ്ധതികളിൽ 286 എണ്ണം പുതിയതാണ്‌. ചക്കയിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ 10 ലക്ഷം രൂപ ചെലവിൽ ചക്ക കൺസോർഷ്യം രൂപീകരിക്കും. പത്ത് ലക്ഷം രൂപ ചെലവിൽ നേന്ത്രക്കായ മൂല്യവർധിത ഉൽപാദന സംസ്‌കരണ വിപണന കേന്ദ്രം സ്ഥാപിക്കും. പഴം, പച്ചക്കറി സംസ്‌കരണത്തിന് ശീതീകരണ സംവിധാനമൊരുക്കും. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ വിശദ വിവര റിപ്പോർട്ട് തയ്യാറാക്കും. എൻഡോസൾഫാൻ ദുരിതബാധിതരുടെ വനിതകളായ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. കാഴ്ച വൈകല്യമുള്ളവർക്ക് തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കും. ജില്ലാ ആശുപത്രിയിൽ കാൻസർ ലാബ് സജ്ജീകരിക്കും. ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങും. വനിതാ ഫിറ്റ്നെസ് സെന്റർ യോഗ പരിശീലന കേന്ദ്രം ആരംഭിക്കും.
എട്ട് നൂതന പദ്ധതികൾ നടപ്പാക്കും. അന്തർദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കും. ചെങ്കല്ല്, പാള പ്ലേറ്റ് നിർമാണത്തിന് ധനസഹായം നൽകും. കുളം, പള്ളം നവീകരണത്തിനായി സരോവരം പദ്ധതിക്ക് മുൻഗണന നൽകും. കയ്യൂർ ചീമേനി, കിനാനൂർ -കരിന്തളം, പിലിക്കോട്, കോടോം ബേളൂർ പഞ്ചായത്തുകളിൽ ഗ്രാമീണ ചന്തകൾ സ്ഥാപിക്കാൻ വിശദ വിവര റിപ്പോർട്ട് തയ്യാറാക്കും. ജില്ലാ വ്യവസായ കേന്ദ്രത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്‌കിൽ പാർക്ക് സ്ഥാപിക്കും. കായിക മേഖലയിൽ പട്ടികവർഗ വിഭാഗക്കാർക്കായി ദ്രോണ ഫിനിഷിങ്‌ സ്‌കൂൾ സ്ഥാപിക്കും. ഡിജിറ്റൽ സാക്ഷരതാ, ട്രാൻസ്ജെൻഡർ തൊഴിൽ പരിശീലനം, ക്രാഫ്റ്റ് വില്ലേജ് എന്നിവക്ക്‌ പ്രത്യേകം പദ്ധതികളുണ്ടാകും.
ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി വാർഷിക പദ്ധതികൾ അവതരിപ്പിച്ചു. കലക്ടർ സ്വാഗത് ആർ ഭണ്ഡാരി സംസാരിച്ചു.


No comments