കാസർകോട് ജില്ല സിനിമക്കാരുടെ ഭാഗ്യലൊക്കേഷൻ ; ടൊവിനോ നായകനാകുന്ന ചിത്രം കുമ്പളയിലും , ഷാജുൺ കാര്യാൽ ചിത്രം കരിന്തളത്തും ചിത്രീകരണം പൂർത്തിയാവുന്നു
കാസർകോട് : കുഞ്ചാക്കോ ബോബൻ നായകനായ ‘ന്ന താൻ കേസുകൊട്’ സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം കാസർകോട് ജില്ല സിനിമക്കാരുടെ ഭാഗ്യലൊക്കേഷനാകുന്നു. ടൊവിനോ നായകനാകുന്ന ഡോ. ബിജു ചിത്രം കുമ്പള ധർമത്തടുക്കയിലും ഷാജുൺ കാര്യാൽ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം കരിന്തളത്തും ചിത്രീകരണം പൂർത്തിയാകുന്നു.
മുമ്പ് അത്യപൂർവമായാണ് ജില്ലയിൽ സിനിമാ ചിത്രീകരണം നടന്നത്. ദേശീയ അവാർഡ് നേടിയ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ മമ്മൂട്ടിയുടെ ‘ഉണ്ട’ തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് ജില്ലയിലെ സ്ഥലങ്ങൾ സിനിമക്കാർ ശ്രദ്ധിച്ചത്. പിന്നാലെ എത്തിയ ‘ന്ന താൻ കേസുകൊട്’ എല്ലാ അർഥത്തിലും ജില്ലക്കാരുടെ സിനിമയായി വമ്പൻ വിജയം കൊയ്‌തു.
ഷാജുൺ കാര്യാലിന്റെ സിനിമ കരിന്തളം, കയനി, അണ്ടോൾ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.
ജിന്ന്, കുമാരി, പൂവൻ, മലബാർ, അദൃശ്യ ജാലകങ്ങൾ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകളുടെ പ്രധാന ഇടങ്ങളും ജില്ലയിലെ വിവിധ സ്ഥലങ്ങളാണ്. രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും ജില്ലയിലാണ് ചിത്രീകരിക്കുന്നത് എന്ന് കേൾക്കുന്നു.
സിനിമക്കാർക്ക് ചുരുങ്ങിയ ചെലവിൽ സൗകര്യപ്രഥമായ ഇടത്തിൽ ചിത്രീകരണം നടത്താൻ പറ്റുന്നു എന്നതാണ് പ്രധാന സവിശേഷത. വമ്പൻ താരങ്ങൾക്ക് ഇവിടെ താമസിക്കാൻ സൗകര്യമില്ലാ എന്നതായിരുന്നു മുൻകാലത്തെ പ്രശ്‌നം. ഇപ്പോൾ ബേക്കലിൽ പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകളുള്ളതിനാൽ അതിനും പ്രശ്‌നമില്ല. കണ്ണൂർ വിമാനത്താവളം വന്നതോടെ പെട്ടെന്ന് താരങ്ങൾക്ക് എത്താനും പറ്റുന്നു.
No comments