Breaking News

സാക്ഷര സമൂഹത്തിനായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം, ഈ വർഷം ജില്ലയിൽ ഒമ്പതിനായിരം പേരെ സാക്ഷരരാക്കും


സാക്ഷര സമൂഹത്തെ വളര്‍ത്തിയെടുക്കാനായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കാനുള്ള നടപടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്നതാണ് പദ്ധതി. ദേശീയ സാക്ഷരതാ മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പ് വര്‍ഷം ജില്ലയില്‍ 7200 സ്ത്രീകളും 1800 പുരുഷന്‍മാരുമുള്‍പ്പെടെ ഒമ്പതിനായിരം പേരെ സാക്ഷര സമൂഹമാക്കി മാറ്റാനാണ് തീരുമാനം. ഇവരില്‍ എസ്.സി 900, എസ്.ടി 210, ന്യൂനപക്ഷം 3000, ജനറല്‍/മറ്റുള്ളവര്‍ 4890 എന്നിങ്ങനെ തരംതിരിച്ചിരിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷം, മറ്റ് ഇതര പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍,  ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍- ക്വിയര്‍ വിഭാഗം, അതിഥി തൊഴിലാളികള്‍, പ്രത്യേക പരിഗണനാ വിഭാഗം, നിര്‍മാണ തൊഴിലാളികള്‍, ചേരി/ തീരദേശ നിവാസികള്‍ എന്നിവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പഠിതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ 15 മുതല്‍ 35 വയസ്സ് പ്രായമുള്ളവര്‍ക്കായിരിക്കും പ്രഥമ പരിഗണന. ഇതിനായി വാര്‍ഡ് തലത്തില്‍ സര്‍വ്വേ ടീം രൂപീകരിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ മേഖലകളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിക്കും.


എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്തലത്തില്‍ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,  പത്താംതരം-ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകള്‍ വിജയിച്ചവര്‍ (മുന്‍ പഠിതാക്കള്‍), അധ്യാപകര്‍, വിരമിച്ച അധ്യാപകര്‍, തുല്യതാ അധ്യാപകര്‍ എന്നിവരെ സന്നദ്ധ അധ്യാപകരായി നിയമിക്കും. എട്ട് മുതല്‍ പത്ത് വരെ പഠിതാക്കള്‍ക്ക് ഇവരായിരിക്കും ക്ലാസ് എടുക്കുക. ഇവര്‍ക്കായി പഞ്ചായത്ത് തലത്തില്‍ പരിശീലനം നടത്തും. ഒക്ടോബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. 2023 ജനുവരി 22ന് സാക്ഷരതാ പരീക്ഷ നടത്തും. ജനുവരി 31ന് ഫലപ്രഖ്യാപനം. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അടിസ്ഥാന സാക്ഷരതാ ക്ലാസ് പഠിതാക്കളുടെ സൗകര്യം അനുസരിച്ച് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ സംഘടിപ്പിക്കും. വാര്‍ഡ്തല സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെയും നിയമിക്കും. തുടര്‍സാക്ഷരതയും, ജീവിത- തൊഴില്‍ നൈപുണ്യ വികസനവും പദ്ധതിയുടെ ഭാഗമാണ്.


ജനകീയ പദ്ധതിയായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എസ്.എന്‍.സരിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷിനോജ് ചാക്കോ, കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ , നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി.പുഷ്പ,  സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകരായ പപ്പന്‍ കുട്ടമത്ത്, കെ.വി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും  ജില്ലാ സാക്ഷരതാ സമിതി അംഗം കെ.വി.വിജയന്‍ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,  ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍,  ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എംഎല്‍എമാരായ എ.കെ.എം.അഷ്‌റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍ തുടങ്ങിയവര്‍ സംഘാടകസമിതി രക്ഷാധികാരികളാണ്. സംഘാടകസമിതി ഭാരവാഹികള്‍-  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍(ചെയര്‍മാന്‍), ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്(ചീഫ് കോര്‍ഡിനേറ്റര്‍), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എന്‍.സരിത, എഫ് ആന്റ് എ കോര്‍ഡിനേറ്റര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍(വൈസ് ചെയര്‍മാന്‍മാര്‍),  സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു(കണ്‍വീനര്‍),  സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍,(ജോയിന്റ് കണ്‍വീനര്‍മാര്‍), ഡയറ്റ് പ്രിന്‍സിപ്പാള്‍ രഘുറാം ഭട്ട്(അക്കാദമിക് കണ്‍വീനര്‍),  ജനപ്രതിനിധികള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍, പദ്ധതി പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, എസ്.സി/ എസ്.ടി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സംഘാടക സമിതി അംഗങ്ങളാണ്.

No comments