'ന്നാ താൻ കേസ് കൊട്' ടീം വീണ്ടും ഒന്നിക്കുന്നു.. ബളാൽ, വെള്ളരിക്കുണ്ട് പ്രധാന ലൊക്കേഷനായി വരുന്ന സിനിമയിൽ നാട്ടുകാർക്കും അഭിനയിക്കാൻ അവസരം
വെള്ളരിക്കുണ്ട്: ഭാഗ്യ ലൊക്കേഷൻ എന്ന പേര് വീണതോടെ കാസർകോട് ജില്ലയിൽ സിനിമ ചിത്രീകരണം സജീവമാവുകയാണ്. ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടില്ലെങ്കിലും കാസർകോട് നിന്നും പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ മികച്ച കലാമൂല്യവും ജനപ്രിയവും ആയിരുന്നു എന്നതാണ് വസ്തുത. കാസർകോടൻ ഗ്രാമഭംഗി ഒപ്പിയെടുത്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'തിങ്കളാഴ്ച്ച നിശ്ചയം', ന്നാ താൻ കേസ് കൊട്' എന്നീ ചിത്രങ്ങൾ ജനപ്രീതി ആർജ്ജിച്ച വമ്പൻ ഹിറ്റുകളാണ്. ഇപ്പോൾ സൂപ്പർ താരങ്ങൾ അടക്കമുള്ള ബിഗ് ബഡ്ജറ്റ് സിനിമകളും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. യൂണിറ്റ് വാഹനങ്ങൾ പോലും കണ്ടിട്ടില്ലാത്ത കാസർകോടിൻ്റെ കിഴക്കൻ മലയോര ഗ്രാമങ്ങളായ ബളാൽ, വെള്ളരിക്കുണ്ട്, ഒടയഞ്ചാൽ പരിസര പ്രദേശങ്ങൾ ഇനി സിനിമാ ഷൂട്ടിംഗിന് സാക്ഷിയാകാൻ പോകുന്നു. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനിനിരിക്കുന്ന സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഈ ചിത്രത്തിൽ മലയോരവാസികൾക്കും മുഖം കാണിക്കാൻ അവസരമുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങളുടെ ഒരു കളർ ഫോട്ടോ, നിങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ എന്നിവ 7012252714 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് സെപ്റ്റംബർ 15 നുള്ളിൽ അയച്ച് കൊടുക്കുക. അഭിനയത്തിൽ യാതൊരു മുൻപരിചയവും ഇല്ലാത്തവർക്കും അയച്ച് കൊടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ സിനിമയുടെ പിന്നണി പ്രവർത്തകർ നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കും, അവിടെ വച്ച് നടീനടന്മാരെ തിരഞ്ഞെടുക്കും. കൂടാതെ നാലര വയസുള്ള ഒരു പെൺകുട്ടിയും സിനിമയ്ക്ക് ആവശ്യമുണ്ട്.
'ന്നാ താൻ കേസ് കൊട്' സിനിമയുടെ അണിയറ പ്രവർത്തകർ ഒരുമിക്കുന്ന ഈ പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മലയോരവാസികൾക്ക് പുതിയൊരു അനുഭവം തന്നെയായിരിക്കും. അജിത് വിനായക ഫിലിംസാണ് നിർമ്മാണം.
റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്
No comments