Breaking News

കാസറഗോഡ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും പരപ്പ ബ്ലോക്ക് ശിശു സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ചു

 


പരപ്പ: ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം, ബാലസൗഹൃദ തദ്ദേശ ഭരണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിലുടനീളം നടത്തി വരുന്ന ബൃഹദ് പ്രചാര പദ്ധതിയായ ബാലസൗഹൃദ കേരളം എന്ന പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും പരപ്പ ബ്ലോക്ക് ശിശു സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ശിശു സംരക്ഷണ സമിതി അംഗങ്ങളെ ഉൾപ്പെടുത്തി ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് തലങ്ങളിലെ ശിശു സംരക്ഷണ സമിതികളുടെ പ്രവർത്തനം ശാക്തീകരിക്കുന്നതിനായി സംഘടിപ്പിച്ച ശില്പശാല കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പി.പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളെക്കുറിച്ചും അതിക്രമം ഉണ്ടായാൽ വിവിധ സംവിധാനങ്ങളിൽ അറിയിക്കുന്നതിനെക്കുറിച്ചും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുവാൻ ആവശ്യമായ ഇടപെടൽ എങ്ങനെയൊക്കെ സാധ്യമാക്കാം എന്നതിനെക്കുറിച്ചും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കുട്ടികൾക്കായി തുക വകയിരുത്തുന്നതിന്റെയും അത് ഫലപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ചും ബാലാവകാശ കമ്മീഷൻ അംഗം വിവരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ,ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാധാമണി  ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അശോക് കുമാർ പി.കെ എന്നിവർ ആശംസയർപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി ചന്ദ്രൻ സ്വാഗതവും ശിശു വികസന പദ്ധതി ഓഫീസർ ജ്യോതി ജെ നന്ദിയും പറഞ്ഞു.ബാലനീതി സംവിധാനങ്ങളും ബാല സംരക്ഷണ സമിതികളും എന്ന വിഷയത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ഫൈസൽ എ.ജി  അവതരണം നടത്തി. പരപ്പ ബ്ലോക്കിലെയും ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ ശിശു സംരക്ഷണ സമിതി അംഗങ്ങളും ജനപ്രതിനിധികളും കർത്തവ്യവാഹകരും  പരിപാടിയിൽ പങ്കെടുത്തു.

No comments