Breaking News

നാട്ടക്കൽ എഎൽപി സ്കൂളിൽ ലഹരിക്കെതിരായി പാവകളുമായുള്ള ബോധവൽക്കരണം ശ്രദ്ധേയമായി

വെള്ളരിക്കുണ്ട് : കുഞ്ഞുവിരൽ തുമ്പിലൂടെ പാഴ്‌വസ്തുക്കളിൽ വിരിഞ്ഞത് ജീവൻതുടിക്കുന്ന പാവകളും ചിത്രങ്ങളും. ഒടുവിൽ ഇവയെല്ലാം ചേർത്ത്‌പിടിച്ച് ലഹരിക്കെതിരെയുള്ള സന്ദേശഗാനവും നാടകവും. നാട്ടക്കൽ എഎൽപി സ്കൂളിലാണ് ലഹരിക്കെതിരായ വേറിട്ട ബോധവൽക്കരണം. സ്കൂൾ വജ്രജൂബിയാഘോഷത്തിന്റെ ഭാഗമായിട്ടാണ് പാവകളി ആശാൻ മലപ്പുറം സ്വദേശി കൃഷ്ണകുമാർ കീരിശേരി നാട്ടക്കൽ സ്കൂളിലെത്തിയത്. കുട്ടികളെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ പാവകൾ നിർമിക്കാനും അവയെ പിന്നണിയുടെ സഹായത്തോടെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുവാനും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പാവകളി ആശാൻ സ്കൂളിലെത്തിയത്. അലസത കൂടാതെ കളിചിരികൾക്കൊപ്പം വളരെ വേഗത്തിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ കുട്ടികൾ നിർമിച്ച പാവകൾ കൂട്ടിയിണക്കി കൊണ്ടായിരുന്നു ലഹരിക്കെതിരെയുള്ള ബോധവൽക്കരണം അരങ്ങേറിയത്‌. ‘ശിരസ്സുയർത്തി പറയുക നാം ലഹരിക്കടിപ്പെടില്ല ' എന്ന ഗാനത്തിനൊപ്പം പാവകളുമായി കുട്ടികൾ ചുവടുവച്ചു. വിവിധ വർണങ്ങളിലും രൂപങ്ങളിലും വിരിയിച്ച പാവകളുമായി കുട്ടികൾ നടത്തിയ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്‌ സാക്ഷ്യംവഹിക്കാൻ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ വി രാജേഷ് ഉദ്ഘാടനം ചെയ്തു. എം പി രാജൻ അധ്യക്ഷനായി. പി കനകരാജ്, രഞ്ജിനി മനോജ്‌, പി കെ ജയലളിത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ വിജയകുമാരി സ്വാഗതവും പിടിഎ പ്രസിഡന്റ് എം രാജേഷ് നന്ദിയും പറഞ്ഞു.


No comments