Breaking News

കോട്ടവാതിൽ തുറക്കുന്നു ആഘോഷതീരത്തേക്ക്‌... ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌


ബേക്കൽ :ചരിത്രം കോട്ടകെട്ടിയ ബേക്കൽ തീരത്ത്‌ ശനിയാഴ്‌ച മുതൽ ആഘോഷക്കാഴ്‌ചകൾ നിറയും. ബിആർഡിസിയുടെ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നവോത്ഥാന ചിത്രമതിൽ മുഖ്യമന്ത്രിയും റോബോട്ടിക് ഷോ മന്ത്രി അഹമ്മദ് ദേവർകോവിലും പുഷ്പപ്രദർശനം രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും ഉദ്ഘാടനം ചെയ്യും. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനാകും.
പ്രധാന വേദിയായ ചന്ദ്രഗിരിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും തേജസ്വിനിയിൽ കുടുംബശ്രീ പ്രവർത്തകരും പയസ്വിനിയിൽ പ്രാദേശിക കലാകാരന്മാരും കലാരൂപങ്ങൾ അവതരിപ്പിക്കും. ഭക്ഷ്യമേള, സെമിനാർ, എന്നിവയുണ്ടാകും. ഇരുന്നൂറിലധികം സ്‌റ്റാളുകളുണ്ട്‌. ബേക്കൽ കോട്ടയിലെ വൈദ്യുതാലങ്കാരവും മനോഹര കാഴ്‌ചയാകും.

തുള്ളിച്ചാടാൻ പാലവും 
ഫെസ്‌റ്റിവലിന്റെ ഭാഗമായ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ സി എച്ച്  കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെൻസിറ്റി പോളി എത്തലിൻ (എച്ച്ഡിപിഇ) പ്ലാസ്റ്റിക് ഉപയോഗിച്ചാണിത്‌ നിർമിച്ചത്‌.   പകൽ 11 മുതൽ വൈകിട്ട്  ആറുവരെയാണ്‌ പ്രവേശനം. 

ചരിത്രമാകാൻ കയ്യൂർ ഫെസ്‌റ്റ്‌
കയ്യൂർ 
കയ്യൂർ ഗവ. എൽപി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അഖിലേന്ത്യ പ്രദർശനം–- കയ്യൂർ ഫെസ്റ്റ് ശനിയാഴ്‌ച തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ പകൽ 12ന്  ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. വൈകിട്ട്‌ ഏഴിന് കലാ-സാംസ്‌കാരിക പരിപാടികൾ മന്ത്രി അഹമ്മദ് ദേവർകോവിൽ  ഉദ്‌ഘാടനം ചെയ്യും. 60 കലാകാരന്മാർ അണിനിരക്കുന്ന ഇന്ത്യൻ ട്രൈബൽ ഫെസ്‌റ്റ്  അരങ്ങേറും. കയ്യൂർ ജിവിഎച്ച്എസ്എസ് മൈതാനിയിലാണ് പ്രദർശനം. പകൽ 11 മുതൽ രാത്രി 10വരെയാണ് പ്രദർശനം. ജനുവരി ആറിന് സമാപിക്കും.



No comments