Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് നവകേരള മിഷൻ യോഗം പ്രവർത്തനങ്ങൾ വിലയിരുത്തി


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്ത് നവകേരള മിഷൻയോഗം പ്രവർത്തനങ്ങൾ വിലയിരുത്തി. വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ അധ്യക്ഷനായി. നവകേരളം കർമ്മ പദ്ധതി റിസോഴ്സ്പേഴ്സൺ കെ കെ രാഘവൻ ഹരിത കേരള മിഷൻ പ്രവർത്തനങ്ങളായ പച്ചത്തുരുത്ത്, ഇനി ഞാൻ ഒഴുകട്ടെ, വലിച്ചെറിയൽ വിമുക്ത ജില്ല ക്യാമ്പയിൻ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കൃഷി അസിസ്റ്റന്റ് സി എച്ച് രാജീവൻ, ലൈഫ്, മാലിന്യ സംസ്കരണം എന്നിവയെ കുറിച്ച് വിഇഒ എം സുരേഷ് കുമാർ, വിദ്യാലയങ്ങൾ, ആശുപത്രികൾ, എന്നിവയുടെ പുരോഗതി എൽഎസ്ജിഡി ഓവർസീയർ കെ എസ് നിഷിത, ഹരിതകർമ്മസേന പ്രവർത്തനങ്ങൾ സിഡിഎസ് വൈസ് ചെയർപേഴ്സൺ കെ വി പ്രമീള, നീരുറവ പ്രവർത്തനങ്ങൾ എൻആർഇജി ഓവർസീയർ എം നിസാമുദീൻ എന്നിവർ റിപ്പോർട്ട് ചെയ്തു. ചൈത്രവാഹിനി പുഴയെ മാലിന്യമുക്തമാക്കാനും വിദ്യാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും ജൂൺ മാസത്തോടെ പച്ചത്തുരുത്തുകൾ സ്ഥാപിക്കാനും ഹരിത കർമ്മസേനയുടെ വാതിൽപ്പടി സേവനം മെച്ചപ്പെടുത്താനും നീർത്തട ഗ്രാമസഭ പൂർത്തിയാക്കി സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടറി കെ പങ്കജാക്ഷൻ സ്വാഗതം പറഞ്ഞു.

No comments