Breaking News

മുസ്ലീംലീഗ് അംഗത്വ പട്ടികയിൽ ഷാരൂഖും, മമ്മൂട്ടിയും, ആസിഫും, മിയ ഖലീഫയും


തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും. നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലാണ് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ പിഴവ് സംഭവിച്ചത്. ഡിസംബര്‍ 31നാണ് മുസ്ലീംലീഗ് അംഗത്വ വിതരണം അവസാനിച്ചത്.

വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ അംഗത്വം എടുക്കുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും നിര്‍ദ്ദിഷ്ഠ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചു. ഇതിനായി ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്വേര്‍ഡും നല്‍കിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍മാരാണ് ഇത് തുറന്ന് പരിശോധിച്ചത്.




ഇങ്ങനെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് 'ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും' ഒക്കെ ലീഗില്‍ അംഗത്വം നേടിയത് മനസിലായത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്. എന്നാല്‍ കാര്യമായ സംഘടന ശേഷിയില്ലാത്ത ഇടങ്ങളില്‍ ഓണ്‍ലൈന്‍ അപ്ലോഡിംഗ് പോലുള്ള കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ ഏല്‍പ്പിച്ച കമ്മിറ്റികളുണ്ട്. അങ്ങനെ സംഭവിച്ചതായിരിക്കും ഈ പിഴവ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്.

ഡിസംബര്‍ 31 അവസാനിച്ച ലീഗ് അംഗത്വ വിതരണത്തില്‍, മുസ്ലീം ലീഗില്‍ തിരുവനന്തപുരത്ത് 59,551 പേര്‍ അംഗമായി എന്നാണ് പാര്‍ട്ടി പറയുന്നത്. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷമെന്നാണ് പുതിയ കണക്ക്. 2016നേക്കാള്‍ 2.33 ലക്ഷം അംഗങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അംഗങ്ങളില്‍ പകുതിയില്‍ ഏറെയും സ്ത്രീകളാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

No comments