Breaking News

എയർഹോസ്റ്റസിന്റെ മരണം കൊലപാതകമെന്ന് ആരോപണം; കാസർകോട് സ്വദേശിയായ യുവാവിനെതിരേ പരാതി, മദ്യപിച്ചിരുന്നതായി പോലീസ്


ബെംഗളൂരു: എയര്‍ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമാണെന്ന് പരാതി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ദിമന്റെ(28) മരണത്തിലാണ് കുടുംബം പരാതി നല്‍കിയത്. യുവതിയെ മലയാളിയായ ആണ്‍സുഹൃത്ത് ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. അര്‍ച്ചനയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ശനിയാഴ്ചയാണ് അര്‍ച്ചനയെ കോറമംഗലയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരണംസംഭവിച്ചെന്നായിരുന്നു പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ ആണ്‍സുഹൃത്തായ കാസര്‍കോട് സ്വദേശി ആദേശിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആദേശും എയര്‍ഹോസ്റ്റസായ അര്‍ച്ചനയും ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ദുബായില്‍നിന്ന് നാലുദിവസം മുന്‍പാണ് യുവതി കോറമംഗലയിലെ യുവാവിന്റെ ഫ്‌ളാറ്റിലെത്തിയത്. ഇവിടെ താമസിച്ചുവരുന്നതിനിടെയാണ് ശനിയാഴ്ച യുവതി മരിച്ചത്.ബാല്‍ക്കണിയില്‍നിന്ന് വീണ് അപകടമുണ്ടായെന്നാണ് ആണ്‍സുഹൃത്ത് പോലീസിന് നല്‍കിയ മൊഴി. സംഭവത്തിന് പിന്നാലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിച്ചതും യുവാവ് തന്നെയായിരുന്നു. യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

No comments